എന്നിലെ തോന്ന്യാക്ഷരം
ഏതു കാലത്തു നീയണഞ്ഞുവോ
എന്റെ ചാരത്തിതക്ഷരം.
അമ്മ വായിലമ്മിഞ്ഞ തന്നതിന്‍
മുമ്പ് ചൊല്ലിയ ‘ആ’യിത്.
പിച്ചവെച്ചതിന്‍ ശേഷമാവുമോ
‘അമ്മ’യെന്ന കൂട്ടക്ഷരം.
നാവില്‍ ചാലിച്ചു കുറിച്ചു വെച്ച
ഹരി നാമ കീര്‍ത്തനം എഴുത്തക്ഷരം.
കല്ലുപെന്‍സിലിന്‍ തുമ്പൊടിച്ചു ഞാന്‍
വരച്ചു വെച്ച ആദ്യാക്ഷരം.
സ്ലേറ്റില്‍ ഞാനന്നു തുപ്പി മായിച്ചു
മാഷു കോറിയ ‘ശരി’ കളെ.
പറ പനകളും, തറ തലകളും
പാടിയാടിത്തിമിര്‍ത്തതും,
കോഴിയമ്മതന്‍ അപ്പമേളവും
ചൈത്രമൈത്രന്റെ ലാഭനഷ്ടവും
എത്രയാവര്‍ത്തി വായിച്ചു വായിച്ചു
വര്‍ഷപ്പരീക്ഷകളെത്ര ജയിച്ചു ഞാന്‍.
ആറുമേഴും നടന്നു കടക്കവേ
മുന്നില്‍ തടയുന്നു സന്ധി സമാസങ്ങള്‍.
ദ്വിത്വ സന്ധിയും ദ്വന്ദ്വ സമാസവും,
ആഗമാദേശ സന്ധികള്‍,
രൂപക തല്പുരുഷ ബഹുവ്രീഹി,
മഹാശാകുന്തള ശ്ലോകങ്ങള്‍,
വൃത്താലങ്കാര വാക്യങ്ങള്‍.
കേക, കാകളി, ശ്ലഥ കാകളി
പിന്നെ മഞ്ജരി നതോന്നത,
എല്ലാം വായിച്ചിതന്ത്യത്തില്‍
പത്താം തരമൊന്നു ജയിച്ചുപോയ്.
കോളേജിന്‍ പടിവാതില്‍ക്കല്‍
മാതൃഭാഷ രണ്ടാം തരമതുമോപ്ഷണല്‍.
എല്ലാരും പോയി ഹിന്ദിക്കായ്
കൂടീ ഞാനും കൂട്ടത്തില്‍.
കാലമതന്നേവരെ മലയാളത്തി-
ലൊന്നാമന്‍ ഞാന്‍, ഹിന്ദിയില്‍
നികൃഷ്ടനായ് പിന്നിലെ ബെഞ്ചില്‍ തന്നെ.
പിടയും നെഞ്ചോടവന്‍, നിറയും
മിഴിയുമായ്,വിറയ്ക്കും വിരലിനാല്‍
കുറിച്ചൂ മൌനാക്ഷരം.
“പാശ്ചാത്യ സൌന്ദര്യത്തില്‍,
ആംഗലേയ സാഹിത്യത്തില്‍,
പൌരസ്ത്യം മറക്കുന്നകൂട്ടുകാരേ,
നിങ്ങള്‍,കൈരളീ മാതാവിന്റെ
രോദനം കേള്‍ക്കുന്നില്ലേ”.
ഹൃത്തു വേദനിക്കുമ്പോള്‍,
ലോകമേകമാകുമ്പോള്‍,
ആശ്രയിക്കാനിടം, ഇവിടം
എന്നക്ഷരം, എന്നിലെ തോന്ന്യാക്ഷരം.