From Aachu
വസുധൈവകുടുംബകം: കൂട്ട്

Wednesday, December 20, 2006

കൂട്ട്

നടുമുറിഞ്ഞൊരെന്‍ പട്ടയ്ക്കുള്ളിലീ
കനവുദിച്ചതും‌ ശാപമായ് മാറിയോ?
പ്രിയസഖീ നമ്മളെത്ര രാപ്പകുതിയി
ല്‍കൂടൊഴിയാതെ കാത്തതാണീ രവം.

ഇന്നിനിയവ വേര്‍പ്പിരിയലിന്‍
ചൂടുതേങ്ങലായ് നേര്‍ത്തു നീങ്ങവേ
“സ്വാ‍ര്‍ത്ഥയാണു നീ കുത്തുവാക്കുകള്‍എ
ത്രയെന്ടെ മേല്‍ വര്‍ഷിച്ചിടുകിലും”
മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു.

നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ.

മുള്ളുകള്‍, നെഞ്ചില്‍ തറയ്ക്കുന്ന
മുള്ളുകളാണെന്ടെ മുമ്പിലും ചുറ്റിലും
സഖീ,നീ, ചാരത്തു തന്നെയുണ്ടല്ലോ
മൂകസാക്ഷിയായെന്ടെ ഭാവങ്ങളെ
നിസ്സംഗയാക്കാതെ ദുഃഖ്മെന്നു നിന്നെ വിളിക്കിലും

എന്നേ നിര്‍ജ്ജീവമായൊരെന്‍
ജഡത്തിന്നരികില്‍ ജ്വലിക്കും
നിലവിളക്കിന്നന്ത്യനാ‍ളം പോലെനീ
കാത്തുനില്‍ക്കുക രണ്ടുമൂന്നു നാള്‍ കൂടി.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
സ്വന്തബന്ധങ്ങളൊന്നുമേ സമര്‍പ്പിക്കാന്‍.
എല്ലാം നിശ്ശബ്ദമായൊരുപിടി
ഭസ്മമായ്ഞാനോര്‍മ്മയായകലുന്നു
സഖീ, നീ കൂടെയുണ്ടോയെന്ടെ
ആജന്മ സഹചാരീ.

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാനരുമയായതിന്‍
കുഞ്ഞു വിരിയുവാനക്ഷമയോടെ
കാത്തിരുന്നൊരപ്പുലരിതോറും
ഹതാശരാകുമൊരോര്‍മ്മയില്‍സഖീ,
ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍
ശൂന്യമാമീ
തമസ്സിലാണെന്നുമെന്‍മോഹം
ജനിച്ചതും പിടഞ്ഞു മരിച്ചതും

10 Comments:

At 4:18 AM, Blogger അഡ്വ.സക്കീന said...

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാന
രുമയായതിന്‍ കുഞ്ഞു വിരിയുവാന
ക്ഷമയോടെ കാത്തിരുന്നൊരപ്പുലരി
തോറും ഹതാശരാകുമൊരോര്‍മ്മയില്‍
സഖീ, ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്‍ കനവുകള്‍
ശൂന്യമാമീ തമസ്സിലാണെന്നുമെന്‍
മോഹം ജനിച്ചതും പിടഞ്ഞു മരിച്ചതും

 
At 4:34 AM, Blogger ഏറനാടന്‍ said...

മനസ്സുനോവിച്ചുവോ സോദരീ?
വല്ലാതെ പിടിച്ചുലച്ചുവീ വരികള്‍,
പതറാതെ, കാലിടറാതെ നീങ്ങുക തോഴീ
ജീവിതയാത്രയിലാരും തുണയായില്ലെങ്കിലും
തനിയെ ജീവിച്ചുകാണിക്കാനുള്ള ത്വര ഈ കവിതയില്‍ തെളിയുന്നു.
മനസ്സിനെ എല്ലാ മതഗ്രന്ഥങ്ങളിലേയും സത്‌വചനങ്ങളാല്‍ നിറക്കുക..

 
At 5:03 AM, Blogger കുറുമാന്‍ said...

മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍

നന്നായിരിക്കുന്നു സക്കീനാ വരികള്‍. ആശ്രയവും, കനവുകളും എല്ലാ കാലവും ‍ മിഥ്യയായി തന്നെ ഇരിക്കുകയില്ല.

 
At 8:08 AM, Blogger കരീം മാഷ്‌ said...

വല്ലാത്ത വരികള്‍,
മനസ്സിന്റെ ഏതു കടുത്ത ഭിത്തിയേയും തുളച്ചകത്തു കയറുന്ന തരം മൂര്‍ച്ചയാര്‍ന്നത്‌.
ഇന്നെനിക്കുറങാനാവില്ല.
ഈഇ വരികള്‍ എന്നെ അത്രക്കും വേദനിപ്പിച്ചിരിക്കുന്നു.

ഇതു എന്റെ മനസ്സിലുണ്ടായിരുന്ന സക്കീനയെ വാരി പുറത്തു കളഞ്ഞിരിക്കുന്നു.
ദൈവമേ നീ തന്നെ എല്ലാം അറിയുന്നവനും അറിവു കൊടുക്കുന്നവനും.
ഇതിനാരെങ്കിലും സംഗീതം കൊടുത്തു പാടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.
നന്ദി
സക്കീന.

 
At 8:49 PM, Blogger ഇട്ടിമാളു അഗ്നിമിത്ര said...

നെഞ്ഞുപൊട്ടി നീ കരഞ്ഞു വിളിക്കവേ..
കണ്ണുപൂട്ടി ഞാനുറങ്ങുവതെങ്ങനെ..

 
At 8:59 PM, Blogger കണ്ണൂരാന്‍ - KANNURAN said...

മനസ്സിന്റെ നോവ് വരികളിലേക്ക് നന്നായി പകര്‍ത്തിയിരിക്കുന്നു... വരികള്‍ മുറിച്ചതു ശരിയായോ എന്നൊരു സംശയം... ഇട്ടിയുടെ കമന്റും തകര്‍ത്തല്ലോ...

 
At 10:14 PM, Blogger Aravishiva said...

ഭാവസാന്ദ്രം!ഹൃദയസ്പര്‍ശിയായ വരികള്‍...ഒരുവേള വായനക്കാരെന്റെ മനസ്സിലേക്കും ആ മുറിവു വ്യാപിപ്പിച്ചു...

തീവ്രാനുഭവങ്ങള്‍ ഈശ്വരനേറെയിഷ്ടമുള്ളവര്‍ക്കേ കൊടുക്കൂ...

എല്ലാ ഭാവുകങ്ങളും നേരുന്നു..

 
At 12:19 AM, Blogger Unknown said...

ഇന്നലെ തന്നെ ഞാന്‍ സക്കീനയുടെ കവിത വായിച്ചു. വല്ലാതെ നോവു പേറുന്ന ഹൃദയം. ആശ്വസിപ്പിക്കുക എങ്ങിനെയെന്നറിയില്ല. എങ്കിലും ഇതൊരു നല്ല തുടക്കമാണെന്ന് ഞാന്‍ കരുതുന്നു.

“ മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു”

അങ്ങിനെ ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ടെന്ന് തോന്നുന്ന്. ബ്ലോഗ് ലോകം മുഴുവനും കൂട്ടിനുണ്ട്. ഒരു പാട് നല്ല മനസ്സുകള്‍ ബ്ലോഗ് ലോകത്തുണ്ട് കൂട്ടിന്.

“ നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ”

ഏകാന്ത യാത്ര തന്നെ വേണെമെന്ന് നിര്‍ബന്ധമെന്തിനാ..
ഇനിയും
വേനല്‍ വരും
വര്‍ഷം വരും.
പുതിയ സ്വപനങ്ങള്‍ വരും.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
അതുതന്നെയാണ് നല്ലത്. കരയുവാനാണെങ്കില്‍ അതിനേ സമയം കാണൂ. ആവശ്യമെങ്കില്‍ വൈകുന്നേരം സീരിയലുകണ്ടാല്‍ മതിയല്ലൊ.
ഉറച്ച മനസ്സ് തന്നെയാണ് വേണ്ടത്.

ഒരു നീറ്റലാണീ കവിത. എങ്കിലും പുതിയ പ്രതീക്ഷകള്‍ നിറയ്ക്കുക ജീവിതത്തിലും കവിതയിലും

ഓര്‍ത്തുവെയ്ക്കുക
നിങ്ങളെങ്ങിനെ നിങ്ങളായെന്ന്

നെഞ്ചുപൊട്ടി നീ പിടഞ്ഞു തീരുമ്പോള്‍
കണ്ണുപൂട്ടി ഞാനുറങ്ങുവതെങ്ങിനെ (കട: ഇട്ടിമാളു)

പകര്‍ന്നു നല്‍കുമീ ആത്മതീര്‍ഥം
ഏറ്റുവങ്ങുക
തെല്ലും നിരാശകൂടാതെ
ചേര്‍ത്തുവയ്ക്കുക
ജീവിതത്തിന്‍ പാനപാത്രം.

 
At 3:46 AM, Blogger അഡ്വ.സക്കീന said...

കണ്ണീര്‍തീരത്തു പെയ്ത് തീര്‍ന്നപ്പോള്‍
ഇല്ലായിരുന്നൂ സമാശ്വാസവാക്കുകള്‍
കുത്തുവാക്ക് പെറ്റ കുറ്റബോധമല്ലാതെ.
ബ്ലോഗിലെ കൂട്ടരേ,നിങ്ങള്‍ തന്‍
സ്നേഹത്തിന്‍ നന്ദി നിറയ്ക്കാന്‍
പരതുന്നൂ വാക്കുകള്‍ക്കായിന്നു ഞാന്‍.

 
At 4:53 AM, Blogger Unknown said...

കുത്തുവാക്ക് പെറ്റ കുറ്റബോധം : വളരെ നല്ല പ്രയോഗം. സക്കീനയില്‍ നിന്ന് മനോഹരമായ രചനകള്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് വാക്കുകള്‍ എത്ര അനായസമാണെന്ന് അത്ഭുതപ്പെടുന്നു.

 

Post a Comment

<< Home