From Aachu
വസുധൈവകുടുംബകം: പൊക്കിള്‍ കൊടിയുടെ ബന്ധം

Tuesday, October 03, 2006

പൊക്കിള്‍ കൊടിയുടെ ബന്ധം

ഉമ്മിച്ചി പ്രാകാത്ത ഒരൊറ്റ ദിവസം പോലും എന്ടെ ചെറുപ്പത്തിലില്ലായിരുന്നു. എന്ത് ചെയ്തോട്ടേ എന്ന് ചോദിച്ചാലും ഒരേ ഉത്തരം. വേണ്ട," നീ പെണ്ണാണ്, അല്ലെങ്കില്‍ നമ്മള്‍ മുസ്ലിമീങ്ങളാണ്."
അന്നു ഞാന്‍ തീരുമാനിച്ചു, ചോദിച്ചാലല്ലേ പ്രശ്നമുള്ളൂ. ആദ്യം ചെയ്യുക, പിന്നെ വേണമെങ്കില്‍ പറയുക. അന്നുമുതല്‍ "ഞാന്‍ തന്ടേടിയായി. തന്നിഷ്ടക്കാരിയായി. ഇവളുടെ തലയിരിക്കുന്നിടത്ത് കഴുത്ത് വന്നാല്‍ ഭൂലോകം പുല്ലുകഞ്ഞിയാക്കുമെന്ന് അയല്‍ പക്കത്തെ താത്ത പ്രവചിക്കുകയും ചെയ്തു."
വലുതായപ്പോള്‍ പഠിക്കാന്‍ പോയിത്തുടങ്ങി. കോളേജും ലൈബ്രറിയുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ചിലപ്പോള്‍ പത്ത് മണിയാകും. ആദ്യം ഇടവഴിയില്‍ കാത്ത് നിന്ന്, സമയം കൂടുന്തോറും അത് ബസ് സ്റ്റോപ്പിനടുത്തേക്കെത്തും. ബസ്സിറങ്ങി വീട്ടിലെത്തും വരെ നല്ല സൌഹ്രുദത്തിലായിരിക്കും ഉമ്മിച്ചി. വീട്ടിലെത്തി ചെരിപ്പെല്ലാം ഊരി ഒന്നിരിക്കാനായി ഭാവിക്കുമ്പോളതാ കയ്യിലൊരു പുളിങ്കൊമ്പുമായി തള്ളച്ചി.

"നിന്നെ ഏതവളാടീ, ഈ പാതിരാത്രി പഠിപ്പിക്കുന്നത്. " പഠിപ്പിക്കുന്നത്, അവളല്ല, ജേര്‍ണലിസം സാറ് അവനാണ്, ക്ലാസ് കഴിയുന്നത് എട്ട് മണിക്കാണ്, ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ ഇത്ര നേരമാകും എന്നെല്ലാം എന്നും പറയുന്നതാണ്. പറയും മുമ്പേ വീണിരിക്കും അടി പുറം വഴി.വെല്ലുമ്മിച്ചി വീട്ടിലുണ്ടിങ്കില്‍ സാരമില്ലായിരുന്നു. വെല്ലുമ്മിച്ചിയുടെ മറവില്‍ പറ്റിക്കിടന്നാല്‍ അടിക്കാന്‍ ഉമ്മിച്ചിക്ക് ധൈര്യമില്ല.

"തൊട്ടുപോകരുതെന്ടെ കൊച്ചുങ്ങളെ". വെല്ലുമ്മിച്ചി പറയും.
നിങ്ങടെ കൊച്ചുങ്ങളോ, അതേതു വകുപ്പിലാ."
എന്ടെ മോന്ടെ കൊച്ചുങ്ങളാ,
"നിങ്ങടെ മോന്ടെ കൊച്ചുങ്ങള്, നിങ്ങടെ കൊച്ചുങ്ങള്, അതുപോലെ ഞാന്‍ പ്രസവിച്ച കൊച്ചുങ്ങള്, എന്ടെയാകാത്തതെന്തേ?

അമ്മായിയമ്മയ്ക്കും മരുമകള്‍ ക്കുമിടയിലെ ലോകത്തിന് പോലും ഉത്തരം കിട്ടാത്ത ഈ അവകാശവാദത്തിനുമുമ്പില്‍ എന്ടെ വൈകിവരവും തല്ലലുമെല്ലാം ഉമ്മിച്ചി മറന്നു പോകും.

അനിയത്തിയപ്പുറത്തിരുന്നു കരഞ്ഞുകൊണ്ട് പറയും, നിന്ടെയൊടുക്കത്തെ പഠിത്തം കാരണം ഒരു ദിവസം പോലും സ്വൈര്യമില്ല, ഈ കുടുംബത്തില്‍ .
വെല്ലുമ്മിച്ചിയില്ലെങ്കില്‍ എന്ടെ വിധിയാണ്.
അടിയും പ്രാക്കുമെല്ലാം കഴിഞ്ഞ് കയ്യിലെയും തുടയിലെയും പാടെണ്ണിനോക്കുന്ന എന്നെ കാണുമ്പോള്‍ ഉമ്മിച്ചിക്ക് പാവം തോന്നി പറയും.

" പെറ്റ തള്ളയ്ക്കാടീ അതിന്ടെ ദെണ്ണമറിയൂ".
എല്ലാ ദേഷ്യവും സങ്കടവും സടയുണര്‍ത്തി ഞാന്‍ പറയും. "ഒടുക്കത്തെ ഒരു പെറ്റ തള്ള. നിങ്ങളോട് ഞാന്‍ പറഞ്ഞോ എന്നെ പ്രസവിക്കാന്‍ . എന്ടെ അനുവാദമില്ലാതെ എന്നെയെന്തിന് പ്രസവിച്ചു. പൊക്കിള്‍ ക്കൊടിയുടെ ബന്ധം പറഞ്ഞ് എന്ടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന ഈ നരകത്തില്‍ നിന്ന് ഞാനെങ്ങോട്ടെങ്കിലും പോവുകയാണ്".

അപ്പോള്‍ ഉമ്മിച്ചി ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി ഒരു തേട്ടമുണ്ട്.
" പടച്ചവനേ, കല്യാണം കഴിച്ചില്ലെങ്കിലും ഇവള്‍ക്ക് നീയൊരു കുഞ്ഞിനെ കൊടുക്കണേ. ഈ വിഷമം ഇവളൊന്നറിയണേ."ഞാന്‍ മനസ്സില്‍ പറയും. പടച്ചോന്‍ അങ്ങിനെ ചെയ്താല്‍ ലോകത്തിനിയും ഈസാ നബിയുണ്ടാകുമല്ലോ?
വിവാഹമോചനത്താല്‍ വേര്‍ പിരിയുമെന്ന് പേടിച്ച് വിവാഹമേ വേണ്ടെന്നു വെച്ചിരുന്ന കാലമായിരുന്നു, അത്.

കുഞ്ഞിന് സുഖമില്ലാതെ ഒരാഴ്ച ആശുപത്രിയിലായിരുന്നു. എങ്ങിനെയിരിക്കുന്നുവേ ആവോ അവനിപ്പോള്‍ . ക്ഷീണിച്ചിട്ടുണ്ടാകുമോ. അടുത്തുണ്ടായിരുന്ന ഒരാഴ്ച മുഴുവനും അനങ്ങാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചായിരുന്നു, കിടന്നത്. പുതപ്പു ചുരുട്ടി കൈക്കുള്ളിലാക്കി ദിവസവും ആച്ചുവിനോട് കുഞ്ഞുവര്‍ത്താനം പറഞ്ഞാണ്, ഞാനുറങ്ങാറ്.
ഇന്നെന്തോ ഉറക്കം വരുന്നില്ല. വീട്ടിലേക്ക് വിളിച്ചു. മോനുറങ്ങുകയാണ്, എന്നാലും. അനിയത്തി ഫോണെടുത്ത് ഉമ്മിച്ചിയ്ക്ക് കൊടുത്തു. ഉമ്മിച്ചീ, എനിക്കെന്ടെ മോനെയോര്‍ത്ത് ഉറക്കം വരുന്നില്ല. ...അവസാനം.
നിന്ടെ മോനിവിടെ സുഖമാണ്, ഞങ്ങളവനെ പൊന്നു പോലെ നോക്കുന്നുണ്ട്. എന്നിട്ട്,
"ഇതാ മോളേ പണ്ട് ഉമ്മിച്ചി പറഞ്ഞ പെറ്റ വയറിന്ടെ ദെണ്ണം.നീ പണ്ട് വലിച്ചെറിഞ്ഞിട്ട്, ഗംഗയിലും ഹിമാലയത്തിലുമൊക്കെ പോയില്ലേ, അതേ പൊക്കിള്‍ കൊടിയുടെ ബന്ധം".

10 Comments:

At 4:08 AM, Blogger അഡ്വ.സക്കീന said...

"ഇതാ മോളേ പണ്ട് ഉമ്മിച്ചി പറഞ്ഞ പെറ്റ വയറിന്ടെ ദെണ്ണം.
നീ പണ്ട് വലിച്ചെറിഞ്ഞിട്ട്, ഗംഗയിലും ഹിമാലയത്തിലുമൊക്കെ പോയില്ലേ, അതേ പൊക്കിള്‍ കൊടിയുടെ ബന്ധം".

 
At 4:15 AM, Blogger ദില്‍ബാസുരന്‍ said...

നിയാല ചേച്ചീ,
ടച്ചിങ്. ചില കാര്യങ്ങള്‍ നമ്മള്‍ അനുഭവിച്ചാലേ മനസ്സിലാവൂ അല്ലേ? അതില്‍ പെട്ട ഒന്നാവണം ഈ പെറ്റവയറിന്റെ നൊമ്പരം എന്നുള്ളത്.

നന്നായി എഴുതിയിരിക്കുന്നു. :-)

 
At 4:29 AM, Blogger വേണു venu said...

നന്നായിരിക്കുന്നു നിയാലാ.
"തൊട്ടുപോകരുതെന്ടെ കൊച്ചുങ്ങളെ". എന്‍റെ വെല്ലുമ്മിച്ചിയ്ക്കൊരു നമോവാകം.

 
At 4:36 AM, Blogger മിന്നാമിനുങ്ങ്‌ said...

This comment has been removed by a blog administrator.

 
At 4:38 AM, Blogger മിന്നാമിനുങ്ങ്‌ said...

നന്നായിരിക്കുന്നു
രണ്ട്‌ തലമുറകളിലെ മാതൃത്വത്തിന്റെ
നോവും നെരിപ്പോടുകളും
ഒരു കൊച്ചുകുറിപ്പില്‍ ഭംഗിയായി വരച്ചിട്ടിരിക്കുന്നു.
ആച്ചുവിനെ വേര്‍പിരിഞ്ഞ്‌ മറ്റൊരുലോകത്ത്‌ കഴിയേണ്ടിവരുന്ന ഒരമ്മയുടെ(പെറ്റവയറിന്റെ)വ്യഥകള്‍ മനസ്സിലൊത്തിരി നൊമ്പരമുണര്‍ത്തി.

 
At 4:41 AM, Blogger ഉമ്പാച്ചി said...

ella
ezhuthum
vayichittu
parayam.
moonnu
divasayi
nhaan
yaathrayilayirunnu.

 
At 4:57 AM, Blogger പാര്‍വതി said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു,മനുഷ്യ ബന്ധങ്ങളുടെ ഇഴകളെ.

-പാര്‍വതി.

 
At 5:06 AM, Blogger അരവിശിവ. said...

വളരെ നന്നായി എഴുതിയിരിയ്ക്കുന്നു...അമ്മയുടെ മനസ്സിന്റെ ആന്തലുകള്‍ നമുക്കെല്ലാം എത്രയെന്നു കരുതി കാണാനാവും.അതു അനുഭവിച്ചു തന്നെ അറിയണം എന്ന സത്യം മനോഹരമായി പറഞ്ഞു വച്ചിരിയ്ക്കുന്നു...ഹൃദയസ്പര്‍ശിയായി ഇനിയും എഴുതൂ.....

 
At 7:01 AM, Blogger അനംഗാരി said...

നല്ല സ്നേഹമുള്ള ഉമ്മ.ഇങ്ങനെയുള്ള ഉമ്മമാര്‍ നീണാള്‍ വാഴട്ടെ.ഉമ്മയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍.(എറണാകുളം ശര്‍കാര്‍ വഹ ലാകാളേജ് സ്റ്റൈലില്‍).

ഓ:ടോ: ഞാനറിയും, എന്നെ അറിയില്ലെങ്കിലും.പെണ്ണുങ്ങളെ അറിയാത്ത ആണുങ്ങളുണ്ടോ?

 
At 2:04 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഒറ്റവാക്ക്. അസ്സലായി.

 

Post a Comment

Links to this post:

Create a Link

<< Home