From Aachu
വസുധൈവകുടുംബകം: മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോള്‍

Sunday, October 01, 2006

മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോള്‍

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വാപ്പിച്ചി കടുങ്ങല്ലൂരാണ്.വെല്ലുമ്മിച്ചിയും.
ഉമ്മിച്ചി അക്കുവിനേയും കൊണ്ട് ആശുപത്രിയില്‍ പോയി. കൂടെ അബിയും.
ഇതു തന്നെ ഞാന്‍ കാത്തിരുന്ന ആ മഹാദിവസം. പക്ഷേ ഈ മത്തക്കണ്ണിയെ എന്തു ചെയ്യും? ഞാനനങ്ങുന്നതും നോക്കി കണ്ണു ചിമ്മാതെ കാത്തിരിക്കുകയാണ്, ഇവളെന്ടെ അനിയത്തി.
ഒരൈഡിയ.

"സീനാ, നീ ആ മുസഹബിങ്ങെടുത്തേ".
നീ തലയില്‍ തുണിയിട്, എന്നിട്ട് തരാം.
"എടീ, തലേം അള്ളാടെ, തുണീം അള്ളാടെ, നീ മുസഹബെടുക്ക്,"
മടിച്ച് മടിച്ച് അവളെടുത്തു നീട്ടി.
"നീ പിടിച്ചോ, എന്നിട്ട്, അതുതൊട്ട് സത്യം ചെയ്യ്, എന്നാല്‍ ഞാന്‍ നിന്നെ ഒരു സ്ഥലത്ത് കൊണ്ടു പോകാം".
അള്ളോ, മുസഹബ് പിടിച്ച് ഞാന്‍ സത്യം ചെയ്യൂല്ലാ, എന്‍ടെ കണ്ണ്, പൊട്ടിപ്പോകും.
"കണ്ണ്, പൊട്ടുമെന്നത് നേര്, തന്നെ",
ഞാന്‍ പേടിപ്പിച്ചു.പക്ഷേ സത്യം ചെയ്തപോലെ പ്രവര്‍ത്തിച്ചാല്‍ കണ്ണ്, അവിടെത്തന്നെയുണ്ടാകും. അവള്‍ തട്ടം ഒന്നുകൂടി വലിച്ചിട്ട് കണ്ണടച്ച് സത്യം ചെയ്യാനായി തയ്യാറെടുത്തു. അല്ലെങ്കില്‍ ഞാനവളെ കൂട്ടാതെ പോയാലോ.

ഞാന്‍ ചൊല്ലിക്കൊടുത്ത പോലെ അവള്‍ സത്യം ചെയ്തു. "അള്ളാണെ, പടച്ചോനാണേ, മുപ്പത് യൂസുള്ള മുസഹഫ് തന്നാണെ, സക്കീനായും ഞാനും മണിക്കിണടില്‍ മത്തായീനെ കാണാന്‍ പോയത് ആകാശമിടിഞ്ഞു വീണാലും വാപ്പിച്ചിനോടും ഉമ്മിച്ചിനോടും പറയൂല്ല. പറഞ്ഞാല്‍ എന്‍ടെ കണണ്‍, പൊട്ടി പൊക്കോട്ടേ. സമാധാനമായി. ഇനിയവളെ കൊണ്ടു പോകാം. മുസഹഫ് പുള്ളിക്കാരിക്കത്ര പേടിയാണ്.

"എന്നാല്‍ നീ സോപ്പും തോര്‍ ത്തുമെടുക്ക്, നമുക്ക് കുളിക്കാന്‍ പോകാം".
അപ്പോള്‍ മത്തായിയെ കാണുന്നതോ?
"എടീ, മത്തക്കണ്ണീ, മത്തായി മണിക്കിണറിലല്ലേ".
അവിടെയാണോ കുളിക്കാന്‍ പോകുന്നത്, അതും വെള്ളിയാഴ്ച, നട്ടുച്ചയ്ക്ക്. എനിക്ക് പേടിയാകും.

പക്ഷേ മത്തായിയെ കാണണമെങ്കില്‍ വെള്ളിയാഴ്ച തന്നെ പോകണം. പള്ളിയ്ക്കു താഴെയുള്ള പുഴയുടെ നടുവില്‍ അഗാധമായൊരു ഭാഗമുണ്ട്. കിണറുപോലെ താഴ്ചയേറിയ ഭാഗം. അതുകൊണ്ടാണത്രേ ആ പുഴക്കടവിന് മണിക്കിണറെന്ന് പേര് വന്നത്. അവിടെയേതോ ആത്മാവുണ്ടത്രേ. അത് മത്തയിയുടേതാണ് പോലും. അതിനടുത്ത്, ഒരു പാറയും. ഓര്‍മ്മയായപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ്, മത്തായിപ്പാറയും അതിനുള്ളിലെ മത്തായിയേയും.ക്രിസ്തുമതവിശ്വാസികള്‍ മതപരിവര്‍ത്തനത്തിനും മാമോദീസ മുക്കാനും ഹാലേലുയ്യ പാടിയെത്താറുണ്ട്, ഈ മണല്‍ തീരത്ത്.

വെള്ളിയാഴ്ച നട്ടുച്ചയ്ക്കാണ്, മുസ്ലിമുകള്‍ ജുമാ നിസ്കരിക്കുന്നത്. അള്ളാഹു ഇബിലീസിനെ തളയ്ക്കുന്ന സമയമാണത്.ഓരോ ആഴ്ചയും പൂര്‍വ്വാധികം ശ്ക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പിശാചിനെ,'ലഅനത്തുള്ളാഹി' എന്ന കല്ലുകൊണ്ട് ഓരോരുത്തരും എറിയുമ്പോള്‍ അവന്‍ ശാന്തനാകുന്നു. അതിനാണത്രേ ലോകത്തുള്ള സര്‍വ്വമുസ്ലിമുകളും ഒരേ സമയം പ്രാര്‍ത്ഥിക്കുന്നത്. ലോകത്ത് ദുഷ്ടശക്തി ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ .

ഈ സമയത്താണ്, മത്തായി പുഴയിലൂടെ വിലസുന്നതത്രേ. അതുകൊണ്ട്, വെള്ളിയാഴ്ച നട്ടുച്ചയ്ക്കാരും മണിക്കിണറിന്ടെയോ, മത്തയിപ്പാറയുടെയോ പരിസരത്ത് പോലും പോകാറില്ല. പ്രത്യേകിച്ചും കുട്ടികള്‍ .

മരിച്ചാലും വേണ്ടില്ല, ഈ മത്തായിയെ ഒന്നു കണ്ടിട്ടായാല്‍ . ഇതുതന്നെ പറ്റിയ സമയം. അങ്ങിനെ ഞങ്ങള്‍ മണിക്കിണറിലെത്തി. സീനയോട്, കരയിലിരിക്കാന്‍ പറഞ്ഞു. എന്നെ മത്തായി കൊണ്ടുപോയാലും വെല്ലുമ്മച്ചിയ്ക്ക്, കോളാമ്പി കഴുകാന്‍ സീനയുണ്ടാവുമല്ലോ.

ഞാന്‍ പുഴയിലിറങ്ങി, ഒരറ്റത്തേയ്ക്ക് നടന്നു.അവിടെനിന്നും മുങ്ങലാരംഭിച്ചു. കണ്ണും തുറന്നാണ് തിരച്ചില്‍ . ഇടയ്ക്ക് കിട്ടുന്ന വെള്ളാരം കല്ലുകള്‍ തിരിച്ചും മറിച്ചും നോക്കി. കക്ക പോലെ ഏതെങ്കിലും കല്ലിനുള്ളിലാണോ ഇനിയീ മത്തായി ഇരിക്കുന്നത്. നീന്തിയും ഇടയ്ക്ക് കണ്ണ് തുറന്നും തിരഞ്ഞും ഞാനൊരുപാട് ദൂരം പോയി. ഇടയ്ക്ക് നോക്കുമ്പോള്‍ സീന കരയില്‍ നിന്ന് തുള്ളിച്ചാടുന്നുണ്ട്. വെള്ളത്തിലെ എന്ടെ താളത്തിനൊപ്പിച്ച്.

ഞാന്‍ നീന്തുകയല്ല. മുങ്ങുകയാണ്. എന്ടെ കാല്‍ നിലത്ത് മുട്ടുന്നില്ല. ഉറക്കെ കരയണമെന്നുണ്ട്. ശബ്ദം പുറത്തേയ്ക്കെത്തുന്നില്ല. സീനയെ വിളിക്കണമെന്നുണ്ട്. അവളെന്നെ കാണുന്നില്ല. റബ്ബേ, എന്നെയും പോസ്റ്റ്മോര്‍ ട്ടം ചെയ്യുമല്ലോ. ഞാന്‍ ഈമാനില്ലാതെ മരിക്കുകയാണല്ലോ.

അവളുറക്കെ കരഞ്ഞു കാണണം. ജുമാ നിസ്കരിക്കാന്‍ വൈകിപ്പോയ ഒരാള്‍ ധ്രുതിയില്‍ വുളു എടുക്കാനെത്തിയതായിരുന്നു, പുഴക്കടവിലേക്ക് കിടക്കുന്ന പള്ളിനടയില്‍ .കരച്ചില്‍ കേട്ടയാള്‍ നോക്കിയപ്പോള്‍ ഒരു പെണ്‍ കൊച്ച് നട്ടാറം വെയിലത്ത് മണിക്കിണറിന്ടെ തീരത്ത്. അവളുടെ വിരലുചൂണ്ടുന്ന ഭാഗത്തതാ വലിയൊരനക്കവും. മുണ്ടഴിച്ച് കരയിലേക്കിട്ട് ഒരുവിധത്തിലയാളെന്നെ കരയിലെത്തിച്ചു.

" ഇത്ര തോന്ന്യാസമുള്ള പെമ്പിള്ളേരോ,കന്നാലിപോലും വരാത്ത നേരത്ത് മണിക്കിണറിലിറങ്ങാന്‍ "
അയാളോട് പറയണമെന്നുണ്ടായിരുന്നു, കന്നാലിയ്ക്ക് പോലുമറിയാം, പുഴയിലുണ്ടാവുന്നത് കുഴിയും ഒഴുക്കുമാണ്, മത്തായിയും മണ്ണാങ്കട്ടയുമല്ലെന്ന്, ഇവന്ടെയൊക്കെ ഒരു ദൈവോം, പിശാചും.

7 Comments:

At 6:06 AM, Blogger അഡ്വ.സക്കീന said...

മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോള്‍
അന്നുപേടിച്ചോടിയതാണ്, മത്തായി,ഇന്നവിടെ പുഴയുമില്ല, കിണറുമില്ല,
കുറെ പാറകളുണ്ടായിരുന്നു.

 
At 6:55 AM, Blogger മിന്നാമിനുങ്ങ്‌ said...

കുട്ടിക്കാലത്തെ ആകാംക്ഷകളും ആകുലതകളും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നല്ലോ,സാക്ക്‌

മത്തായിയെത്തേടി പുഴയിലിറങ്ങാന്‍ അക്കാലത്തൊരു മേത്തച്ചിക്കുട്ടി ധൈര്യം കാണിച്ചെന്നു പറയുമ്പോള്‍ അതിശയം തോന്നുന്നു.

മണിക്കിണറെന്നു കേട്ടപ്പോള്‍ ഓര്‍മ്മയിലോടിയെത്തിയത്‌ ഞങ്ങളുടെ നാട്ടിലെ മണിക്കിണറായിരുന്നു.
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുണ്ടായിരുന്ന മാമാങ്കത്തില്‍ വെട്ടേറ്റുവീഴുന്ന ചാവേറുകളെ(മരിച്ചവരെയും മൃതാവസ്തയിലായവരെയും)കൂട്ടത്തോടെ കൊണ്ടിട്ട്‌ ആനകളെക്കൊണ്ട്‌ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണര്‍.
ഭീതിയോടെ നോക്കിനിന്നു പോയിട്ടുണ്ട്‌,പലപ്പോഴും മണിക്കിണറിനു മുന്നില്‍.

നല്ല വിവരണം.ആസ്വദിച്ചു വായിച്ചു.,അല്‍പം പേടിയോടെയാണെങ്കിലും

ഓ.ടോ):അതിനുശേഷം മത്തായിയെ കാണണമെന്നുള്ള ആഗ്രഹമുണ്ടായിക്കാണില്ല,അല്ലേ.?

 
At 8:07 AM, Anonymous Anonymous said...

ഹാഹാ തമാശക്കാരി തന്നെ. സംഭവം എഴുതിയത്രയും നന്നായിരുന്നു.

 
At 8:20 AM, Blogger ദില്‍ബാസുരന്‍ said...

കൊള്ളാം,
ഭയങ്കര ധൈര്യം തന്നെ. അപ്പൊ നവാബിനെ ഞെട്ടിച്ച ധൈര്യം പണ്ടേ ഉള്ളതാണ് അല്ലേ?

നന്നായി എഴുതിയിരിക്കുന്നു.തുടരൂ.

 
At 9:58 PM, Blogger ഇത്തിരിവെട്ടം|Ithiri said...

നിയാല നന്നായിരിക്കുന്നു. കുഞ്ഞുനാളിന്റെ ആകുലതകളും സംശയങ്ങളും കൊത്തിവെച്ച വക്കുകള്‍

അസ്സലായി.

 
At 3:27 AM, Blogger വേണു venu said...

പുഴയിലുണ്ടാവുന്നത് കുഴിയും ഒഴുക്കുമാണ്, മത്തായിയും മണ്ണാങ്കട്ടയുമല്ലെന്നു് മനസ്സിലായല്ലോ.
നന്നായെഴുതിയിരിക്കുന്നു.

 
At 3:19 PM, Blogger ബിന്ദു said...

ഞാന്‍ ഓരോന്നോരോന്നായി വായിച്ചു വരികയാണ്. എനിക്ക് ഭയങ്കര ഇഷ്ടായി ഈ എഴുതുന്ന ശൈലി.:)ഫാനായി.:)

 

Post a Comment

Links to this post:

Create a Link

<< Home