From Aachu
വസുധൈവകുടുംബകം: ആദ്യാക്ഷരം ആംഗലേയത്തില്‍

Sunday, October 29, 2006

ആദ്യാക്ഷരം ആംഗലേയത്തില്‍

അമ്മേ, ഞാന്‍ നിനക്കു സമര്‍പ്പിക്കുന്നു, എന്റെ ഓമനയുടെ ആദ്യാക്ഷരം.
ആംഗലേയം അറിയാതെ പോലും നാവില്‍ നിന്ന് വരില്ലെന്നൊരിക്കല്‍ പ്രതിഞ്ജ ചെയ്ത അമ്മയുടെ മകന്‍ ആദ്യാക്ഷരം ആംഗലേയത്തിലെഴുതിയപ്പോള്‍ വന്നത്, സന്തോഷമോ അഭിമാനമോ അല്ല, കുറ്റബോധമാണ്. ആദ്യമായി ഞാനെഴുതിയ അക്ഷരങ്ങള്‍ മനസ്സില്‍ വന്നു ഏറെക്കാലത്തിനു ശേഷം.

പാശ്ചാത്യ സൌന്ദര്യത്തില്‍
ആംഗലേയ സാഹിത്യത്തില്‍
പൌരസ്ത്യം മറക്കുന്ന
കൂട്ടുകാരേ, നിങ്ങള്‍
കൈരളീമാതാവിന്റെ രോദനം കേള്‍ക്കുന്നില്ലേ.

ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനിതോര്‍ത്തു അല്‍ അമീനിന്റെ ബന്ചിലിരുന്നു കരഞ്ഞിട്ടുണ്ട്.
അമ്മേ ക്ഷമിക്കുക, മാപ്പര്‍ഹിക്കാത്ത തെറ്റാണിതെന്നെനിക്കറിയാം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ദുബായ് സന്ദര്‍ശിച്ച് തിരിച്ച് ചെന്നപ്പോള്‍ രാം കുമാര്‍ വക്കീലിന്റെ മകന്‍ വക്കീല്‍ പറഞ്ഞു, " താനും പോയില്ലേ ദുബായില്‍ , വീ നീഡ് ഒന്‍ളി ഇന്‍ഡ്യന്‍സ്".

അതെ സുഹ്രുത്തേ, ആ Great Junior of MRR ഇന്ന് വക്കീലല്ല, ഇന്ത്യാക്കാരി പോലുമല്ല. കേരളീയയുമല്ല,പക്ഷേ എന്നെ ഞാനല്ലാതാക്കിയത്, എന്റെ നാടാണ്, അതിന്ടെ വ്യവസ്ഥിതിയാണ്. വ്യവസ്ഥിതിയെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ ഭ്രാന്തിയുമായി.

ആദ്യമായി തലയില്‍ തുണിയിട്ട് പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ ജാതിക്കോമരം കൊണ്ടെന്റെ കയ്യടിച്ചു പൊട്ടിച്ചില്ലേ രണ്ടാം ക്ലാസിലെ ചന്ദ്രന്‍ സാറ്. നല്ല മാര്‍ക്കുണ്ടായിട്ടും അടുത്ത കോളേജില്‍ അഡ്മിഷന്‍ തന്നില്ലല്ലോ കന്യാസ്ത്രീയായ പ്രിന്‍സിപ്പല്‍ . ഞാന്‍ ലാറ്റിനല്ലായിരുന്നല്ലോ. രണ്ടും ബസ്സും ഒരു മലയും കേറി അല്‍ അമീനെന്ന ഓണം കേറാമൂലയില്‍ ചെന്നപ്പോള്‍ അവിടെയും ജാതിഗുരു, ജാതിക്കുരുവിനെക്കാള്‍ കയ്പുമായി.

ക്ലാസില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിട്ടും ഹിന്ദിക്കെന്നെ തോല്‍പിച്ച്, മധുരപ്പതിനേഴില്‍ മാറാഭ്രാന്തിയാക്കിയില്ലേ, ഹിന്ദി ടീച്ചര്‍ .

എന്നിട്ടും വാശിയോടെ പഠിച്ച് വിറയ്ക്കുന്ന വിരലുകളോടെ പരീക്ഷയെഴുതി ഒന്നും രണ്ടും മൂന്നും ബിരുദങ്ങളുടെ സാക്ഷിയപത്രവുമായി ജോലി തെണ്ടിയപ്പോള്‍ എന്റെ മാര്‍ക്കുഷീറ്റുനോക്കി പുച്ഛിച്ചില്ലേ, പത്താം തരം തോറ്റ സ്ഥാപന ഉടമ.

അവസാനം ഞാനൊരു വക്കീലായപ്പോള്‍ എല്ലാവരും ആശംസിച്ചു, "സുപ്രീം കോടതിയിലെ വലിയൊരു ജഡ്ജിയാവട്ടെ, ഭാവിയിലെന്ന്."
ഞാനെഴുതിയ കേസ് വായിച്ചു പോലും നോക്കാതെ എറിഞ്ഞുകൊണ്ട് തള്ളിയ ജഡ്ജിയദ്ദേഹം.
നാണം കെട്ട നീതിപീഠത്തിനുമുമ്പില്‍ നീതിയിരക്കാന്‍ എനിക്കു ലജ്ജയുണ്ടെന്നു പറഞ്ഞ്, വലിച്ചെറിഞ്ഞ ഗൌണ്‍ വീണ്ടും അണിയേണ്ടി വന്നു, സീനിയറിനെ പ്രീതിപ്പെടുത്താന്‍.
അല്ലെങ്കിലും നീതിമാനായവന്‍ അല്ലാഹുവാണെന്നു മാത്രം വിശ്വസിക്കുന്ന ഒരു മുസ്ലിമായ എനിക്ക് ഒരു പരിധിയില്‍ കവിഞ്ഞൊരിക്കലും കുനിയാന്‍ കഴിഞ്ഞിരുന്നില്ലല്ലോ പാമരന്‍മാരാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ സംവരണ നീതിപീഠത്തിനുമുന്നില്‍.

എല്ലാം മതിയാക്കി, ഗ്രുഹസ്ഥയാവാനായൊരു ഇന്റര്‍ നെറ്റ് വേളി കഴിച്ചതും തകര്‍ന്നപ്പോള്‍ നൊന്തുപെറ്റ കുഞ്ഞിനെ കണ്ണെത്താ ദൂരത്താക്കി ഈ മരുഭൂമിയില്‍ ഏകയായലയേണ്ടി വരുന്ന എനിക്ക് നാടും നഷ്ടമാണമ്മേ.
രാജ്യസ്നേഹമില്ലാത്തവരാണല്ലോ രാജ്യം വിട്ടു പോകുന്നത്. ഞാന്‍ ദൂരയാത്രയ്ക്കു പോകുമ്പോള്‍ എന്നെ എയര്‍പോര്‍ട്ടില്‍ കെട്ടിപ്പിടിച്ചു കരയാറുള്ള മറ്റൊരമ്മയല്ലെ, നീയെനിക്ക്.

ഇവിടെയെത്തിയപ്പോള്‍ പോകുന്ന അഭിമുഖത്തിനൊന്നും വിജയിക്കുന്നില്ല.
ബിരുദമുണ്ടായാല്‍ പോരാ, പരിചയം വേണം.
ഇംഗ്ലീഷറിഞ്ഞാല്‍ പോരാ, അക്സന്‍റ് വേണം.

ജീവിതത്തിന്റെ മധുരഭാവങ്ങളൊന്നും മലയാളത്തില്‍ പ്ങ്കിടാനായില്ല
മലയാളത്തിലല്ലെങ്കിലും ഭാവങ്ങള്‍ക്കു മധുരമുണ്ടായതിനാല്‍ കുണ്ഠിതമില്ല.

ഇവിടെയെന്റെ ഇംഗ്ലീഷിന്‍ ഡൊമെസ്റ്റിക് ടച്ചാണ്.
എന്റെ മകനെങ്കിലും നാളത്തെ സമൂഹത്തിന് മുമ്പില്‍ ഡൊമെസ്റ്റിക് ടച്ചുള്ള ഇംഗ്ലീഷ് സംസാരിക്കാതിരിക്കാന്‍ ഞാനവനെ ഇംഗ്ലീഷ് മീഡിയത്തിലാക്കിയമ്മേ.
അങ്ങിനെയാണ്, അവന്റെ ആദ്യാക്ഷരം ആംഗലേയത്തിലായത്.
കൈരളീമാതാവേ, നീ മാപ്പു നല്‍കുകയില്ലേ?

പട്ടിണിക്കാരന്റെ മക്കള്‍ക്കീ കറുത്ത കോട്ടും പ്രൌഡിയുമെല്ലാം വെറും സ്വപ്നം മാത്രമാണെന്നും അമ്മേ, നിനക്കറിയില്ലേ.

ന ഭുജ്യതേ വ്യാകരണം
കാവ്യരസോഃ ന പീയതേ
എന്ന് കവി പാടിയത് പോലെ
ന ഭുജ്യതേ ആദര്‍ശം
രാജ്യസ്നേഹോഃ ന പീയതേ
ഇതാണ്, രാജ്യം വിടുന്ന ഓരോ പ്രവാസിയുടേയും അവസ്ഥ.

18 Comments:

At 1:21 AM, Blogger അഡ്വ.സക്കീന said...

ഇവിടെയെത്തിയപ്പോള്‍ പോകുന്ന അഭിമുഖത്തിനൊന്നും വിജയിക്കുന്നില്ല.
ബിരുദമുണ്ടായാല്‍ പോരാ, പരിചയം വേണം.
ഇംഗ്ലീഷറിഞ്ഞാല്‍ പോരാ, അക്സന്‍റ് വേണം.

ജീവിതത്തിന്റെ മധുരഭാവങ്ങളൊന്നും മലയാളത്തില്‍ പ്ങ്കിടാനായില്ല
മലയാളത്തിലല്ലെങ്കിലും ഭാവങ്ങള്‍ക്കു മധുരമുണ്ടായതിനാല്‍ കുണ്ഠിതമില്ല.

ഇവിടെയെന്റെ ഇംഗ്ലീഷിന്‍ ഡൊമെസ്റ്റിക് ടച്ചാണ്.
എന്റെ മകനെങ്കിലും നാളത്തെ സമൂഹത്തിന് മുമ്പില്‍ ഡൊമെസ്റ്റിക് ടച്ചുള്ള ഇംഗ്ലീഷ് സംസാരിക്കാതിരിക്കാന്‍ ഞാനവനെ ഇംഗ്ലീഷ് മീഡിയത്തിലാക്കിയമ്മേ.
അങ്ങിനെയാണ്, അവന്റെ ആദ്യാക്ഷരം ആംഗലേയത്തിലായത്.
കൈരളീമാതാവേ, നീ മാപ്പു നല്‍കുകയില്ലേ?

പട്ടിണിക്കാരന്റെ മക്കള്‍ക്കീ കറുത്ത കോട്ടും പ്രൌഡിയുമെല്ലാം വെറും സ്വപ്നം മാത്രമാണെന്നും അമ്മേ, നിനക്കറിയില്ലേ.

ന ഭുജ്യതേ വ്യാകരണം
കാവ്യരസോഃ ന പീയതേ
എന്ന് കവി പാടിയത് പോലെ
ന ഭുജ്യതേ ആദര്‍ശം
രാജ്യസ്നേഹോഃ ന പീയതേ
ഇതാണ്, രാജ്യം വിടുന്ന ഓരോ പ്രവാസിയുടേയും അവസ്ഥ.

 
At 1:28 AM, Blogger ഏറനാടന്‍ said...

അല്ലാ ഇതാര്‌! ഇത്‌ നിയാലയല്ലേ? എവിടെയായിരുന്നു?

 
At 1:37 AM, Blogger അഡ്വ.സക്കീന said...

ബ്ലോഗില്‍ വധഭീഷണി ആയിരുന്നില്ലേ, മിണ്ടാതിരിക്കാന്നു കരുതി.

 
At 2:03 AM, Anonymous Anonymous said...

അങ്ങിനെ നിയാല്‍ തിരിച്ചെത്തി അല്ലേ.. വധഭീഷണി മാത്രമല്ലെ കിട്ടിയുള്ളൂന്ന് ആശ്വസിക്കുക.
‘ആദ്യാക്ഷരം ആംഗലേയത്തില്‍‘ വിത്യസ്തമായി. ആദ്യമായ് എന്നില്‍നിന്ന് അഭിനന്ദനങ്ങള്‍.
താങ്കളെ വഴക്ക് പറഞ്ഞോടിക്കുമ്പോഴും മനസ്സിലൊരു വിഷമം ഉണ്ടായിരുന്നു. ഇപ്പൊള്‍ അത് മാറിക്കിട്ടി.
അമ്മയെ സ്നേഹിക്കുന്ന മകളെ.. ഒപ്പം മറ്റുള്ളവരെ കൂടി സ്നേഹിക്കുക.
ലോകമേ തറവാട്
എനിക്കീ പുല്‍കളും പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍.

മലയാളം അറിയുന്നതിനൊപ്പം ഇംഗ്ലീഷ് വേണമെന്നുണ്ടെങ്കില്‍ അതേ ആക്സന്‍ റില്‍ തന്നെ പ്രയോഗിക്കണം. അല്ലെങ്കില്‍ മലയാലം കുരച്ച് കുരച്ച് പറയുന്നതു പോലെയേ മറ്റുള്ളവര്‍ക്ക് തോന്നൂ..
എന്തൊക്കെ ആയാലും ഈ ആര്‍ട്ടിക്കില്‍ ഇഷ്ടമായി.
സ്നേഹത്തോടെ
രാജു.

 
At 2:17 AM, Blogger പെരിങ്ങോടന്‍ said...

യു.ഏ.യീലെ ബ്ലോഗേഴ്സെല്ലാം നവംബര്‍ പത്തിനു് ഉം അല്‍ ക്വൈനിലെ ബാരക്കുഡയില്‍ വച്ചു ഒത്തുചേരുന്നുണ്ട്. നിയാലയും ചേരുമെന്നു വിശ്വസിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ക്ക്: http://uaemeet.blogspot.com/ എന്ന ബ്ലോഗ് കാണുക.

 
At 2:25 AM, Blogger അഡ്വ.സക്കീന said...

انشا اللهശ്രമിക്കാം

 
At 2:57 AM, Blogger അഗ്രജന്‍ said...

പോസ്റ്റിഷ്ടപ്പെട്ടു...

 
At 3:46 AM, Blogger Sul | സുല്‍ said...

നിയാല. നീ ഒരു സത്യം പറഞ്ഞു, എല്ലാരുമറിയുന്നത്, ആരും അറിഞ്ഞില്ലെന്നു നടിക്കുന്നത്.
ആംഗലേയം പഠിക്കുന്നത് ഇത്രവലിയ കുറ്റമൊന്നുമല്ല. മലയാളത്തെ പിച്ചിച്ചീന്താതിരുന്നാല്‍ മതി.

തിരിച്ചു വന്നതില്‍ സന്തോഷം. താങ്കളോടുള്ള കൊലവിളി, കളിചിരിയിലേക്ക് മാറട്ടെ!.

-സുല്‍

 
At 4:02 AM, Blogger പടിപ്പുര said...

ചില ഒത്തുതീര്‍പ്പുകള്‍ക്ക്‌ നമ്മള്‍ തയ്യാറായേ മതിയാവൂ. മലയാളത്തെ മറക്കാതെയും അവഹേളിക്കാതെയും ഇരുന്നാല്‍ മതി

 
At 7:00 AM, Anonymous Anonymous said...

തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്.അനുഭവങ്ങളുടെയും വായനയുടെയും മജ്ജയും മാംസവുമുള്ള എഴുത്ത്.പ്രതിഭയും ഭ്രാന്തും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രം.

 
At 7:50 PM, Blogger അനംഗാരി said...

സക്കീനക്ക്,
എല്ലാ വ്യാകുലതകളും,മനസ്സില്‍ നിന്ന് പുറത്തേക്ക് ഒരു അരുവിപോലെ ഒഴുകി പോകട്ടെ. അപ്പോള്‍ ഒരു തൂവല്‍ പോലെ നമുക്ക് പാറി നടക്കാനാ‍വും. ഒരു നീലചടയന്‍ വലിച്ചത് പോലെ ഒരു സുഖവും(കട:കുറുമാന്‍)

ഓ:ടോ:എറണാകുളം നിയമ കലാലയത്തിന്റെ ഒരു ഉല്‍‌പ്പന്നമാണ് ഞാനും.ഞാന്‍ ഇതിന് മുന്‍‌പ് അതിവിടെ പറഞ്ഞിരുന്നു.

 
At 11:44 PM, Blogger ഉമ്പാച്ചി said...

നിയാല തിരിച്ചെത്തിയതില്
സന്തോഷം.
ഞാന്‍ പേടിച്ചതു
ആള്‍ ബ്ലൊഗ് ജീവിതം വെടിഞ്ഞൂന്നാ.
ഉമ്പാച്ചിയെ ബ്ലോഗിലേക്കു കൂട്ടിയ മഹതിയാ നിയാല.
ഉമ്പാച്ചിക്കു ബ്ലോഗെങ്കിലും കിട്ടി.

നിയാല ഒന്നും എഴുതാതെ ആയപ്പൊ അതാ പേടിച്ചു പോയത്.

 
At 5:15 AM, Blogger അഡ്വ.സക്കീന said...

എ.ടേ, അനംഗാരീ, പണ്ടത്തെ ആ ഡ്രാക്കുള സക്കീന മരിച്ചു പോയടെ, ഇപ്പൊ വെറും ആത്മാവ് മാത്രാ. നാട്ടില്‍ വരണമെന്നുണ്ട്, ക്രുഷ്ണയ്യര്‍ സാറിനെ കാണാന്‍ വല്ലാത്ത ആഗ്രഹം. എന്തോ ഒരാത്മബന്ധം പോലെ, രണ്ട് മാസമേ ആയുള്ളൂ തിരിച്ച് പോന്നിട്ട്. പേരൊന്നു പറയരുതോ?

 
At 9:17 PM, Blogger ഉമ്പാച്ചി said...

നിയാലത്താത്താ
എന്നോടു മിണ്ടൂലേ?

 
At 11:29 PM, Blogger കരീം മാഷ്‌ said...

ന ഭുജ്യതേ ആദര്‍ശം
രാജ്യസ്നേഹോഃ ന പീയതേ
ഇതാണ്, രാജ്യം വിടുന്ന ഓരോ പ്രവാസിയുടേയും അവസ്ഥ.
I have an ocean to share, Want to see you there,If I reach there,Sorry for hurting by letters, Pray for me.

 
At 6:38 PM, Blogger പാപ്പാന്‍‌/mahout said...

"ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈ
പിപാസിതൈ കാവ്യരസം ന പീയതേ” എന്നോമറ്റോ ആണെന്നുതോന്നുന്നു. ഓര്‍‌മ്മയില്‍ നിന്നെഴുതുന്നതാണ്. പദ്യത്തിന്റെ പേര് “ഹിരണ്യമേവാര്‍‌ജ്ജയ എന്നായിരുന്നു.

പോസ്റ്റുവായിച്ച് അല്പം വിഷമമായി.

 
At 6:49 PM, Blogger ഉമേഷ്::Umesh said...

പാപ്പാനേ,

ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ, നിഷ്‌ഫലാ കലാ


എന്നാണു ശ്ലോകം. “ശിശുപാലവധം” എഴുതിയ മാഘന്റെ അവസാനശ്ലോകമാണെന്നു് (വൃക്ഷമൂലത്തില്‍ കവി ചത്തിരിക്കുന്നൂ...) ഐതിഹ്യം.

എട്ടാം ക്ലാസ്സിലാണെന്നു തോന്നുന്നു “ഹിരണ്യമേവാര്‍ജ്ജയ” എന്ന പദ്യം പഠിച്ചതു്. കവിയെ ഓര്‍മ്മയില്ല. (പാലാ നാരായണന്‍ നായര്‍?)

കണ്ണുകള്‍ നിറം മങ്ങിക്കാതുകള്‍ കേളാതായി
പണ്ഡിതന്‍ മഹാകവി വാണിതക്കുഗ്രാമത്തില്‍


എന്നാണു തുടങ്ങുന്നതു് എന്നോര്‍മ്മയുണ്ടു്.

സക്കീനേ, പോസ്റ്റു പണ്ടു വായിച്ചിരുന്നു. ഒന്നുമെഴുതാന്‍ കിട്ടാഞ്ഞതുകൊണ്ടു‌ കമന്റെഴുതാഞ്ഞതാണു്.

 
At 6:56 PM, Blogger പാപ്പാന്‍‌/mahout said...

(ഏതെങ്കിലും സംസ്കൃതമന്ത്രമുരുവിട്ടാല്‍ മായാവി ഉടനെ അവിടെയെത്തുമെന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു; അതൊന്നു ടെസ്റ്റുചെയ്തതാ. പൂര്‍ണ്ണവിജയം :-) ഓഫിനുമാപ്പ്)

 

Post a Comment

Links to this post:

Create a Link

<< Home