From Aachu
വസുധൈവകുടുംബകം: പ്രവാസിയെന്നാല്‍

Thursday, September 28, 2006

പ്രവാസിയെന്നാല്‍

ഫോണിലൂടെ ഇന്നവന്‍ പറഞ്ഞു,
"മമ്മീ, ആച്ചൂനിന്ന് ചാറ്കിട്ടീലോ"
എന്താ കിട്ട്യാ?"ചാറ്".
എനിക്ക് മനസ്സിലായില്ല, "ചാറ്, ചാറ്, ചാറ്",അവന്‍ വീണ്ടുംവീണ്ടും പറഞ്ഞുനോക്കി.
പിന്നെയും ചോദിച്ചപ്പോളവന്‍ ദേഷ്യം വന്നു.
"കുന്തം മമ്മീം മമ്മീടൊരു ചെവീം"
അവന്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ടിട്ട് പോയി.

ആകാംക്ഷയില്‍ അനിയത്തിയോട് ചോദിച്ചു, അവനെന്താ കിട്ടിയതെന്ന്.
ചിരിയടക്കി അവള്‍ പറഞ്ഞു,അവന്, സ്റ്റാര്‍ കിട്ടി,
നോട്ട് ബുക്കില്‍, 'ബി'യും 'സി'യും, പിന്നെ വണ്ണും ടുവും എഴുതിയതിന്.

എനിക്ക് സങ്കടം വന്നു.
നക്ഷത്രങ്ങളും ചുമന്നെന്ടെ മോന്‍ ,മിന്നിമിന്നിയെത്തുന്നത് കാണാന്‍ "നുനീ',
നിന്ടെ മമ്മിയിന്നവിടില്ലല്ലോ
നക്ഷത്രങ്ങളേക്കാളും ദൂരത്തിലല്ലേ മമ്മിയിന്ന്.


ഓരോ മനുഷ്യാത്മാവും ശരീരത്തില്‍ നിന്ന്
വേര്‍പ്പെടുമ്പോള്‍
ആകാശത്ത് ഒരു നക്ഷത്രം കൂടി മുളയ്ക്കുമത്രേ.
അവരവിടിരുന്ന് പ്രിയപ്പെട്ടവരെയെല്ലാംകാണുന്നുണ്ടു പോലും.

മമ്മി "ദുംബായി"ലാണെന്ന് നിനക്കറിയാം.
ദുംബായിലേക്കുള്ള വഴി ആകാശത്തിലൂടാണെന്നും
വിമാനത്തിന്ടെ ഒച്ച ആകാശത്തു കേള്‍ക്കുമ്പോള്‍ ,
മുറ്റത്തിറങ്ങി നീ തുള്ളിച്ചാടാറുണ്ട്, മമ്മിയെ കാണാനല്ലേ.

ഒത്തിരി വിശേഷങ്ങള്‍ ചൊല്ലാനുണ്ടാവും
നിനക്ക്ചായപ്പെന്‍സിലിന്ടെ മുനയൊടിഞ്ഞത്,
ലാപ്ടോപ്പിന്ടെ ബാറ്ററി തീര്‍ന്നത്,
ബുക്ക് കീറിയപ്പോള്‍ ഇത്താത്ത പിച്ചിയത്.

ഒന്നും പറയാനാവാതെ നീ പടികയറിപ്പോകുന്നത് മമ്മിക്ക് കാണാം കുട്ടാ
വല്ലപ്പോഴുമൊരിക്കല്‍ പുറത്ത് പോകുന്ന
ഉമ്മച്ചിയെ കാത്ത് ഞാനുമീ നില്പ് നിന്നിട്ടുണ്ട്.

എന്നാലും നിനക്ക് ദുബായില്‍ വരണ്ടല്ലോ?

നിനക്കറിയോ?
നിന്ടെ മമ്മിയും ഒരു പ്രവാസിയാണിന്ന്.
എന്താണ് പ്രവാസിയെന്നോ?

ആത്മാവു പേറുന്ന നക്ഷത്രത്തിന്, ശരീരമില്ല.
പക്ഷേ പ്രകാശപൂരിതമാണ്.
പ്രവാസിക്ക് ശരീരമുണ്ട്,
ആ ശരീരത്തിനകത്തെ ആത്മാവ് നിര്‍വ്വികാരമാണ്,
നിസ്സംഗ്ഗമാണ്,
അന്ധകാരപൂര്‍ണ്ണമായ ശൂന്യതയാണ്.

നീ അറിയുന്ന ദുബായിയില്‍ ,
വര്‍ണ്ണച്ചില്ലുകളും സ്റ്റീലും പൊതിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രമേയുള്ളൂ.
അവയ്ക്കുള്ളില്‍ കുറേ ക്രിസ്റ്റല്‍ വിളക്കുകളുമുണ്ട്.
അവയാണീ നാടിന്ടെ ജീവാത്മാവും പരമാത്മാവും.

ചില്ലുപൊതിഞ്ഞ കൂടാരങ്ങളില്‍ ശീതീകരണിയുണ്ട്.
അതുകൊണ്ട് മനുഷ്യവാസത്തിന്‍ തകരാറില്ല.
റോഡിലും വീടിലുമെല്ലാം മനുഷ്യരെപ്പോലെ തോന്നിക്കുന്നവരുണ്ട്.
കറുത്തവരും വെളുത്തവരും

കറുകറുത്തവരും വെളുവെളുത്തവരുമുണ്ട്.
പല ഭാഷ സംസാരിക്കുന്നവര്‍ ,
പല വേഷം ധരിക്കുന്നവര്‍ .

ആത്മാവ് സ്വാര്‍ ത്ഥമാകുമ്പോഴാണ്,
മനുഷ്യന്‍ വെറും രൂപമാകുന്നത്.

പിന്നെയെന്തിനാ മമ്മിയിവിടെ കഴിയുന്നതെന്നോ?
പ്രതീക്ഷകളാണ് കുഞ്ഞേ,
എല്ലാവരേയും പോലെ ഇവിടെ നില്‍ക്കാന്‍ മമ്മിയേയും പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
പ്രവാസിയെന്നു വിളിക്കുന്നത്?

5 Comments:

At 3:51 AM, Blogger thoufi | തൗഫി said...

ഒരു പ്രവാസിയുടെ നോവും നൊമ്പരവും
വരികളില്‍ കുറിച്ചിട്ടിരിക്കുന്നല്ലോ,സാക്ക്‌

മാതൃത്വത്തിന്റെ തണല്‍കൊതിക്കുന്ന ആച്ചുവും
നഷ്ടമാകുന്ന അവന്റെ കിളിക്കൊഞ്ചലില്‍
വിരഹത്തെ പുണരുന്ന ഒരുമ്മയുടെ നെരിപ്പോടുകളും
കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
അതെ,പ്രതീക്ഷകളാണു
ഓരോ പ്രവാസിയേയും മുന്നോട്ടു നയിക്കുന്നത്‌
പ്രത്യാശയുടെ തീനാളങ്ങള്‍ കത്തിജ്ജ്വലിക്കട്ടെ,എന്നെന്നും

തുടര്‍ന്നും എഴുതൂ,അഭിനന്ദനങ്ങള്‍

 
At 6:24 AM, Blogger സു | Su said...

സ്വാഗതം :)

പ്രവാസിയുടെ ചിന്തകള്‍ നന്നായിട്ടുണ്ട്. എല്ലാവരേയും നയിക്കുന്നത്, പ്രതീക്ഷയാണ്. ഇന്നല്ലെങ്കില്‍ നാളെ, സ്വപ്നങ്ങളില്‍ ചിലതെങ്കിലും ഫലിക്കുമെന്ന പ്രതീക്ഷ.

 
At 9:58 PM, Blogger Areekkodan | അരീക്കോടന്‍ said...

പ്രവാസി means പ്രയാസി....മന:പ്രയാസി.or .മന:പ്പായസം ഉണ്ണുന്നവന്‍...

 
At 12:18 PM, Blogger ശെഫി said...

പ്രവാസത്തിന്റെ തീവ്രാനുഭവങ്ങളും നോവുകളും നന്നായി ചിത്രീകരിച്ചിരിക്കുന്നു.

 
At 2:48 AM, Anonymous Anonymous said...

dear,
enikku malayalm typing athrakkariyilla, pinne englishil ezhuthamennu vachal manassu athupole varilla , onnumathram vishamikkaruthu, pinne kazhiumenkil mone koode nirthuka,ende nengil etho murinjoru vedanundu ithu vayichappol
jeejii

 

Post a Comment

<< Home