തുളയ്ക്കാനെന്തെളുപ്പം
പച്ചപ്പാര്‍ന്ന ഞാറുകളും
സ്വര്‍ണവര്‍ണ്ണമാര്‍ന്ന നെല്‍ക്കതിരുകളും
കൊയ്ത്തുകാരുടെ നാടന്‍ പാട്ടും
ശീലിച്ച ഞാനന്ന് ജീവന് താങ്ങായിരുന്നു.
കിളച്ച് മറിച്ച കുഴികളില്‍ നിന്നും
മജ്ജയും മാംസവും വേര്‍ത്തിരിച്ചെടുത്തു.
തഴമ്പിച്ച കാലുകള്‍ കൊണ്ട്
കുഴച്ച് മെതിച്ചൂ എന്റെ നെഞ്ചകം.
ഒരേ തരത്തിലുള്ള അച്ചിലാക്കി,
ചതുരത്തിലുള്ള അച്ചുകള്‍.
ഭംഗിയില്‍ അടുക്കി നിരത്തി
ചിതയ്ക്ക് തീ കൊളുത്തിയിട്ടും ഭസ്മമായില്ല.
ദേഹം പൊള്ളിക്കറുത്തു
കുന്നിക്കുരു പോലെ
പകുതി കറുത്തും പകുതി ചുമന്നും
മണലും സിമന്റും പൊത്തി
കമ്പികള്‍ക്കുള്ളിലാക്കി.
കുഴികളില്‍ വെള്ളം നിറഞ്ഞപ്പോള്‍,
ശവശരീരങ്ങളുടെ എണ്ണവും കൂടി.
ആര്‍ത്തു ചിരിച്ച അമ്മമാര്‍
അരികില്‍ വന്നലറിക്കരഞ്ഞു.
നിസ്സഹായതയോടെ ചുറ്റും നോക്കി
ഇളം കാറ്റിന് പകരം ചുടുകാറ്റായിരുന്നു
അവന്‍ പരിഹസിച്ചു,
“തുളയ്ക്കാനെന്തെളുപ്പം”.