From Aachu
വസുധൈവകുടുംബകം: January 2007

Wednesday, January 31, 2007

പലായനം

നിനവുകളില്‍ ഞാന്‍ മറഞ്ഞിരിക്കുമ്പോള്‍
കനവു വന്നെന്നെ മെല്ലെത്തലോടുന്നു.
ഓര്‍ക്കവേണ്ട നീ ഭൂതകാലത്തിന്റെ
വിഴുപ്പു പേറുമാ മുഷിഞ്ഞ വസ്ത്രവും
നടന്നു നീങ്ങിയ തലമുറക്കൂട്ടവും
കുടിയൊഴിക്കലും പലായന സ്വപ്നവും
മണ്ണടിഞ്ഞൊരാ സ്വരാജ്യസ്നേഹവും.

മനസ്സിലാവില്ല നിനക്ക് വേദന
പറന്നു പോകുന്ന കിളിതന്‍ ചിറകുകള്‍
അരിഞ്ഞു വീഴ്ത്തിയാല്‍
പതിച്ചിടുമതുംമണ്ണിലെന്നാകിലോ
ഞങ്ങള്‍ക്കില്ല പോകാനിടം, വീട്, രാജ്യം
ഇതു വെറും പ്രവാസകേന്ദ്രം.

മത്സരിച്ചോടുന്ന പട്ടാള നിഷ്ഠൂരത
പാറിപ്പറക്കും വെടിയുണ്ടകള്‍ വിണ്ണില്‍
കണ്മുന്നില്‍ വെട്ടിപ്പിളര്‍ക്കും മാതൃഹൃദയങ്ങള്‍
സ്വസഹോദരിതന്‍ മാനഭംഗങ്ങള്‍
കണ്ടു വളര്‍ന്ന നിസ്സഹായതതന്‍ ബാല്യം.

ബാക്കി വന്ന വയറുകള്‍ക്കന്നം തേടിയിവിടെയിന്നലെ
ഇന്നില്ല രാജ്യം സ്വന്തമതെന്നു ചൊല്ലാന്‍.
നിരങ്ങി നീങ്ങുന്നു അഭയാര്‍ത്ഥികളാവാനേതു
ഭൂഖണ്ഡമായാലുമതെന്റേതാകില്ലെന്നാകിലും.

ഓര്‍മ്മകളിലെന്നുമുണ്ടായിരിക്കുമൊരു
നാടുണ്ടായിരുന്നു, മരുഭൂവിതന്‍ മാറില്‍.
മഴയില്ല, മഞ്ഞില്ല, പുഴയില്ല, കിളിയില്ല
സുന്ദരമെന്നതിനെ വിളിച്ചു ഞാന്‍.

അറുത്തു മാറ്റുന്ന ചോരക്കുരുന്നിന്‍ ശിരസ്സും
തുളച്ചു കയറും വെടിയുതിര്‍ക്കും നിണവും
വളമായ് വളര്‍ത്തുന്ന എണ്ണപ്പാടങ്ങള്‍,
അവയായിരുന്നെന്റെ നാടിന്റെ തീരാശാപം.

വര്‍ഗ്ഗീയ കലാപങ്ങള്‍, വംശീയ പോരാട്ടങ്ങള്‍
പിടിച്ചെടുക്കലുകള്‍, അടിച്ചമര്‍ത്തലുകള്‍
എല്ലാം കഴിഞ്ഞെണ്ണി നോക്കുമ്പോള്‍
വംശ വര്‍ഗ്ഗങ്ങള്‍ ശൂന്യം.

അപ്പൊഴും കെട്ടഴിക്കാത്ത കണ്ണു-
മായ്നീതിദേവത ത്രാസ്സില്‍ സുരക്ഷിത.

Thursday, January 04, 2007

ഞാന്‍, അനാഥന്‍

വിളിക്കാനെനിക്കില്ല ‘അമ്മേ’യെന്നൊരാ സ്നേഹം
പറയാനെനിക്കില്ല താതന്റെ പേരോ ഭൂവില്‍.
ഏതെനിക്കറിയില്ല ഞാന്‍ വന്നോരുറവിടം.
ആരെ ഞാന്‍ വിളിക്കേണ്ടൂ ദൈവമാം സങ്കല്പവും.

ഒന്നു മാത്രമേയെന്റെ ഓര്‍മ്മയില്‍ നിലയ്ക്കുന്നു
തെണ്ടിയായിരുന്നൂ ഞാന്‍, കള്ളനായിരുന്നൂ ഞാന്‍.
എന്റെ കൂട്ടുകാര്‍ പണ്ടേ തെരുവിന്‍ മക്കള്‍ താനേ
എന്റെ നാട്ടുകാരെല്ലാം നാലുകാലുള്ളോരവര്‍.

ഓര്‍മ്മയില്‍ തെളിയുന്നൂ ഈ മുഖമെല്ലാമിന്ന്
ഓരത്തു കൂട്ടും എച്ചില്‍ നടുവില്‍ ശ്വാനന്മാരും
അവരോടൊപ്പം ഉണ്ട സദ്യയാമുച്ചിഷ്ഠവും
എരിയും വിശപ്പിന്ടെ വിളികേള്‍ക്ക വയ്യാതെ
നീളുമെന്‍ കയ്യില്‍ വിലങ്ങിട്ട നീതി ശാസ്ത്രവും.

ഒക്കെ ഞാനീ യാത്രയില്‍ കണ്ട ഭീകര
ദൃശ്യ പൊയ്മുഖത്തിന്റെ അല്പ ചിത്രങ്ങള്‍ മാത്രം.
ആരു ഞാനെന്നൂ പണ്ടേ അറിയില്ലെനിക്കിന്നും
അറിയാമൊന്നേ ആരുമെനിക്കില്ലെന്നല്ലാതെ.

ശാന്തിഗീതമില്ലാതെ മന്ത്രങ്ങളില്ലാതെന്റെ
ആത്മാവു പോലും എന്നെയിട്ടിട്ടു പോകുന്നിന്ന്.
ശ്രാദ്ധമൂട്ടാനായിനി മക്കളേയില്ലാത്തവന്‍.
അലയും ആത്മാവുമീ ഭൂവിലായെന്നത്തെപ്പോല്‍.

നാഥനില്ലാത്തോരെന്റെ ദേഹവും ഇവിടെത്താന്‍.
വിലപേശുവാനായി നാട്ടുകാര്‍ കൂട്ടര്‍ക്കാ‍യി.

Tuesday, January 02, 2007

ഒരു വാവക്കാടിന്ടെ ഓര്‍മ്മയ്ക്ക്

ഇന്നും ഒരു പ്രത്യേക സുഖം തന്നെയാണ് വാവക്കാടെന്ന ആ കൊച്ചുഗ്രാമം തരുന്നത്.
പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിന്നും ചകിരിയുടേയും ഓലകളുടേയും ഗ്രാമങ്ങള്‍ പിന്നിട്ട് ഇടത്തേക്ക് തിരിയുമ്പോള്‍ കാണാം നമുക്കീ സ്നേഹതീരം.

അവിടെ ഞാനെങ്ങിനെയാണെത്തിപ്പെട്ടതെന്നല്ലേ?
ലോ കോളേജിലെ എന്‍.എസ്.എസ് ദശദിന ക്യാമ്പിനായി മൂന്നാം വര്‍ഷത്തില്‍ തിരഞ്ഞെടുത്തത്വാവക്കാടായിരുന്നു. കടുങ്ങല്ലൂരിനടുത്താണ് ഈ സ്ഥലമെങ്കിലും പാലക്കാട് പോലെ ഏതോ വലിയ കാട്ടിലാണെന്ന് നിനച്ചാണ് അന്നുവരെ കഴിഞ്ഞത്.
എറണാകുളത്ത് നിന്നും ബസ്സില്‍ കയറിയപ്പോഴതാ അത് ആലുവ റൂട്ടിലേക്കോടുന്നു, പിന്നെ തിരിഞ്ഞ് പറവൂര്‍ക്കും.

പത്ത് ദിവസം ഉമ്മച്ചിയുടെ ഭരണപ്രദേശത്ത് നിന്നും നീങ്ങി അടിച്ചു പൊളിക്കാമെന്ന
മോഹവുമായി ബസ്സില്‍ കയറിയപ്പോള്‍ വേണ്ടിയിരുന്നില്ല എന്നു തോന്നി.
ഇതിപ്പോള്‍ ഉമ്മച്ചിയുടെ വിളിപ്പാടകലെ തന്നെ.
”ഇവിടെയാണ് സ്ഥലമെങ്കില്‍ ഞാനിറങ്ങിപ്പോകുന്നു.” ഞാനെന്ടെ വലിയ ബാഗ് തപ്പി.
അവിടെയിരിക്കെന്ടെ കൊച്ചേ, അടുത്തിരുന്ന രാജു പിടിച്ചിരുത്തി.

എന്ടെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും കൊഴിച്ചു കൊണ്ട് ബസ്
കടുങ്ങല്ലൂരിനടുത്തുള്ള എടയാര്‍ വഴി പോയികൊണ്ടിരുന്നു.
പോയി പോയി അതൊരു ഇടത്തേ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ മനസ്സിലെന്തോ ഒരു കുളിര്‍മ.
പൂഴിമണ്ണും ഓലക്കുളവുമെല്ലാം കണ്ടപ്പോള്‍ കുഞ്ഞുന്നാളിലെവിടെയോ വീണുപോയ ഒരു ഇലഞ്ഞിപ്പൂവിന്ടെ നൊമ്പരം കാതുകളില്‍ വീണു. ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള പാനായിക്കുളവും പൂഴിമണ്ണുള്ള റോഡും അംബികയുടേയും ദേവികയുടേയും വീട്ടിലെഇലഞ്ഞി മരവും കടുങ്ങല്ലൂരിലെ റോഡുകള്‍ക്കരികിലെ നിരനിരയായ ചെമ്പരത്തിപ്പൂവുമെല്ലാം ഓര്‍മ്മയിലോടിയെത്തി. ഇന്നവിടെ ചെമ്പരത്തിപ്പൂവും വേലിയുമില്ല. നിറയെ ഇഷ്ടികകളങ്ങള്‍ മാത്രം.
പൈമറ്റത്ത് കിട്ടാത്ത കുരങ്ങന്‍ മൈലാഞ്ചിയാല്‍ സമ്പന്നമായ കടുങ്ങല്ലൂരിനെ കുറിച്ചോര്‍ത്ത് അസൂയ തോന്നുമായിരുന്നു അന്നെല്ലാം. ഉടുപ്പു മുഴുവന്‍ ചീത്തയാക്കികയ്യിലേയും കാലിലേയും നഖത്തിലെല്ലാം കുരങ്ങന്‍ മൈലാഞ്ചി തേച്ച് സുന്ദരിയായി ബാക്കി വന്ന തൊണ്ടിന്ടെ മണം ആര്‍ത്തിയോടെ വലിച്ചെടുക്കുമ്പോള്‍ തല്ലാനിരിക്കുന്ന വാപ്പിച്ചിയും ഉമ്മച്ചിയുമെല്ലാം പുല്ലായിരുന്നു.

അവിടെ കളിക്കാന്‍ ലുബിനയും ഹഫ്സയുമുണ്ട്.
ഇഷ്ടം പോലെ പൂമ്പാറ്റയും ബാലരമയുമുണ്ട്.
മഹാഭാരതവും രാമായണവും മുഴുവന്‍ പറഞ്ഞു തരാന്‍ പൂമ്പാറ്റ അമര്‍ ചിത്രകഥയുണ്ട്.
ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ പൂമ്പാറ്റകണ്ടിട്ടുള്ളത് ബ്ലോഗിലെ മറിയത്തിന്ടെ വീട്ടിലാണ്.
ഏത്തപ്പറമ്പില്‍ വന്നാല്‍ ആരും കാണാതെ ഓടി തെക്കേയിലെ തെക്കേ മുറിയിലെത്തും.
ഈ പൂമ്പാറ്റകളെ മുഴുവന്‍നോക്കി ഞാന്‍ ദീര്‍ഘനിശ്വാസമിടും.
അവസാനം അഭിമാനം പണയം വെച്ച് ചോദിക്കും. “എനിക്കൊരെണ്ണം വായിക്കാന്‍ തരുമോ അനൂ.” മിക്കവാറും ഫാസിലാണ് ഉത്തരംപറയുക.“ തരാം , ഇവിടെയിരുന്ന് വായിച്ചോ. ഓരോന്നോരോന്ന് എടുത്ത് വായിച്ച് അവിടെ തന്നെ വെച്ചിട്ട് അടുത്തതെടുത്തോ”.

എടാ, ഇവന്ടെയൊരു ഗമ. ഞാന്‍ മനസ്സില്‍ പറയും. “ മോനേ, എന്ടെ വാപ്പിച്ചിക്കും പൈസയുണ്ടാകും. ഇതുപോലെ പൂമ്പാറ്റയും പുസ്തകങ്ങളും വാ‍ങ്ങിത്തരാന്‍.”
എന്ടെ വാപ്പിച്ചിക്ക് പൈസയുണ്ടായില്ല എല്ലാ പുസ്തകങ്ങളും വാങ്ങിത്തരാന്‍. എന്നാലും എനിക്ക് കുറേ നല്ല നല്ല പുസ്തകങ്ങളും രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകളുമൊക്കെപറഞ്ഞു തന്നിരുന്നു. എന്നെ കണക്ക് പഠിപ്പിച്ച് ക്ലാസ്സില്‍ ഒന്നാമതെത്തിച്ചിരുന്നു. വാപ്പിച്ചിയെ കുറിച്ചോര്‍ത്തപ്പോള്‍ കണ്ണീരു വന്നു. “കരയല്ലെ കൊച്ചേ, എന്ടച്ഛനും മരിച്ചുപോയതാ. സങ്കടം വരുമ്പോള്‍ ഫിറ്റാകുക അത്ര തന്നെ.” അടുത്തിരുന്ന് രാജു പറഞ്ഞു.

ബസ് വാവക്കാടെത്തി. എല്ലാവരും ഇറങ്ങി. ഒരു ടീച്ചറിന്ടെ വീട്ടിലാണ് ഞങ്ങള്‍ താമസിക്കേണ്ടത്.
സരോജ ടീച്ചറും മീരയും ഞാനുമെല്ലാം ഒരേ മുറിയിലാണ്.
റോജിയും സംഘവും അടുത്ത മുറിയില്‍.
ലോ കോളേജിലെ റാഗിംഗ് വീരത്തികളാണ്, റോജിയും സംഘവും.
റോജി ഇപ്പോള്‍ ദുബായിലെ കരാമയില്‍ കൊച്ചിനേയും നോക്കി കഴിയുന്നുണ്ട്.

ആദ്യത്തെ ദിവസം സ്കൂള്‍ വൃത്തിയാക്കലായിരുന്നു. അതൊരുവിധം പൂര്‍ത്തിയാക്കി.
വൈകുന്നേരമായാല്‍ ആണ്‍കുട്ടികള്‍ പട്ടയടിക്കും. പിന്നെ വാളു വിടും.
പട്ട മോഹന്‍ ദാസായിരുന്നു ലീഡര്‍. പുള്ളിക്കാരന് അവാര്‍ഡെല്ലാം കിട്ടിയിട്ടുണ്ട്.
വൈലോപിള്ളിയെക്കുറിച്ച് നിരൂപിച്ചതിന്.

അന്ന് ചോറും കറികളും വെച്ച കലവും ചട്ടിയുമെല്ലാം തേച്ചു കഴുകലായിരുന്നു എന്ടെ പ്രധാന ജോലി. ഉണ്ട പാത്രം അന്നേ വരെ കഴുകാത്തതിന് എന്ടെ ഉമ്മച്ചിയുടെ ശാപമാണെന്ന്മനസ്സില്‍ കരുതി ഞാന്‍ തേച്ചു കൊണ്ടേയിരുന്നു. അപ്പോഴതാ ഫറൂഖ് ഓടിയെത്തുന്നു.”ഞാന്‍ സഹായിക്കാടോ”.
ചുറ്റില്‍ നിന്നും സരോജ ടീച്ചറടക്കം എല്ലാവരും കമന്ടുമായി വന്നു.കഴിഞ്ഞ നാല് വര്‍ഷമായി എന്‍.എസ്.എസ്.ക്യാമ്പില്‍ കഴിക്കുക എന്നതല്ലാതെ ദേഹമനക്കാത്ത ഫറൂഖിതാ നിന്നു കലം കഴുകുന്നു.“ ഇയാളിതൊറ്റയ്ക്ക് ചെയ്യുന്നത് കണ്ടിട്ടാ.” അയാള്‍പറഞ്ഞു.

കലമെല്ലാം കഴുകി കഴിഞ്ഞപ്പോഴേയ്ക്കും കലാപരിപാടികള്‍ അവസാനിക്കാറായിരുന്നു.
അതാ, ഒരു കവിത കേള്‍ക്കുന്നു. മുഖം പോലും കഴുകാതെ കേട്ട ദിക്കിലേക്കോടി.
വെളുത്ത് മെലിഞ്ഞ് താടിയുള്ള ഒരു ചെറുപ്പക്കാരനാണ് കവിത ചൊല്ലുന്നത്.
ആര് കവിത ചൊല്ലിയാലും കരയാറുള്ള ഞാന്‍ അത് കേട്ട് നിന്ന് കരഞ്ഞു.
അയാള്‍ സ്റ്റേജില്‍ നിന്നിറങ്ങി. ഒന്നും നോക്കിയില്ല. പുറകേ വെച്ചു പിടിച്ചു.
രാത്രി പതിനൊന്നുമണിയായിക്കാണും. “ഒന്നുകൂടി ചൊല്ലാമോ ആ കവിത”.
അയാള്‍ ചൊല്ലി. ഞാനെഴുതിയ കവിത ഞാനും ചൊല്ലി. അയാള്‍ എന്നോട് ആ കവിത ആവശ്യപ്പെട്ടു.

ട്യൂണ്‍ ചെയ്ത് പിറ്റേ ദിവസം സ്ടേജില്‍ ചൊല്ലാനാണത്രേ.
ഞാന്‍ റൂമില്‍ പോയി ഡയറി എടുത്ത് കൊടുത്തു. സമയം പോയതറിഞ്ഞില്ല. അയാള്‍ കവിത ചൊല്ലി.
ഞാന്‍ കേട്ടുകൊണ്ടേയിരുന്നു.ഇതേ സമയം എല്ലാവരും എന്നെ അന്വേഷിച്ച് നടക്കുകയായിരുന്നു.
ഞങ്ങളൊരു തെങ്ങിന്‍ ചുവട്ടിലായിരുന്നു.

അവസാനം ഹരി വന്നു നോക്കുമ്പോള്‍ ഞാന്‍ കവിതയില്‍ ലയിച്ചിരിക്കുന്നു.അയാള്‍ പട്ടയിലും.
അന്ന് ഹരി കുറേ ചീത്ത പറഞ്ഞു. ഡയറി അയാളില്‍ നിന്ന് തിരിച്ച് വാങ്ങി.
കലങ്ങളെല്ലാം ഒറ്റയ്ക്ക് കഴുകി തീര്‍ത്തതിനാലും സ്കൂള്‍ വൃത്തിയാക്കലില്‍ എന്ടെ പ്രകടനത്തില്‍നാട്ടുകാര്‍ റെക്കമെന്ട് ചെയ്തതിനാലും പിറ്റേ ദിവസത്തെ ‘ഡേ ആപ്പീസറായി” എന്നെ ഡിക്ലയര്‍ ചെയ്തുവത്രേ ഇതിനിടയില്‍. പക്ഷേ ഞാനാ സുഹൃത്തിന്ടെ കവിതയിലായിരുന്നു.
പേരു പോലും പറയാതെ പോയ പ്രിയ സുഹൃത്തേ, നീ ഇപ്പോഴും വാവക്കാടുണ്ടോ?