From Aachu
വസുധൈവകുടുംബകം: October 2006

Sunday, October 29, 2006

ആദ്യാക്ഷരം ആംഗലേയത്തില്‍

അമ്മേ, ഞാന്‍ നിനക്കു സമര്‍പ്പിക്കുന്നു, എന്റെ ഓമനയുടെ ആദ്യാക്ഷരം.
ആംഗലേയം അറിയാതെ പോലും നാവില്‍ നിന്ന് വരില്ലെന്നൊരിക്കല്‍ പ്രതിഞ്ജ ചെയ്ത അമ്മയുടെ മകന്‍ ആദ്യാക്ഷരം ആംഗലേയത്തിലെഴുതിയപ്പോള്‍ വന്നത്, സന്തോഷമോ അഭിമാനമോ അല്ല, കുറ്റബോധമാണ്. ആദ്യമായി ഞാനെഴുതിയ അക്ഷരങ്ങള്‍ മനസ്സില്‍ വന്നു ഏറെക്കാലത്തിനു ശേഷം.

പാശ്ചാത്യ സൌന്ദര്യത്തില്‍
ആംഗലേയ സാഹിത്യത്തില്‍
പൌരസ്ത്യം മറക്കുന്ന
കൂട്ടുകാരേ, നിങ്ങള്‍
കൈരളീമാതാവിന്റെ രോദനം കേള്‍ക്കുന്നില്ലേ.

ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനിതോര്‍ത്തു അല്‍ അമീനിന്റെ ബന്ചിലിരുന്നു കരഞ്ഞിട്ടുണ്ട്.
അമ്മേ ക്ഷമിക്കുക, മാപ്പര്‍ഹിക്കാത്ത തെറ്റാണിതെന്നെനിക്കറിയാം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ദുബായ് സന്ദര്‍ശിച്ച് തിരിച്ച് ചെന്നപ്പോള്‍ രാം കുമാര്‍ വക്കീലിന്റെ മകന്‍ വക്കീല്‍ പറഞ്ഞു, " താനും പോയില്ലേ ദുബായില്‍ , വീ നീഡ് ഒന്‍ളി ഇന്‍ഡ്യന്‍സ്".

അതെ സുഹ്രുത്തേ, ആ Great Junior of MRR ഇന്ന് വക്കീലല്ല, ഇന്ത്യാക്കാരി പോലുമല്ല. കേരളീയയുമല്ല,പക്ഷേ എന്നെ ഞാനല്ലാതാക്കിയത്, എന്റെ നാടാണ്, അതിന്ടെ വ്യവസ്ഥിതിയാണ്. വ്യവസ്ഥിതിയെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ ഭ്രാന്തിയുമായി.

ആദ്യമായി തലയില്‍ തുണിയിട്ട് പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ ജാതിക്കോമരം കൊണ്ടെന്റെ കയ്യടിച്ചു പൊട്ടിച്ചില്ലേ രണ്ടാം ക്ലാസിലെ ചന്ദ്രന്‍ സാറ്. നല്ല മാര്‍ക്കുണ്ടായിട്ടും അടുത്ത കോളേജില്‍ അഡ്മിഷന്‍ തന്നില്ലല്ലോ കന്യാസ്ത്രീയായ പ്രിന്‍സിപ്പല്‍ . ഞാന്‍ ലാറ്റിനല്ലായിരുന്നല്ലോ. രണ്ടും ബസ്സും ഒരു മലയും കേറി അല്‍ അമീനെന്ന ഓണം കേറാമൂലയില്‍ ചെന്നപ്പോള്‍ അവിടെയും ജാതിഗുരു, ജാതിക്കുരുവിനെക്കാള്‍ കയ്പുമായി.

ക്ലാസില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിട്ടും ഹിന്ദിക്കെന്നെ തോല്‍പിച്ച്, മധുരപ്പതിനേഴില്‍ മാറാഭ്രാന്തിയാക്കിയില്ലേ, ഹിന്ദി ടീച്ചര്‍ .

എന്നിട്ടും വാശിയോടെ പഠിച്ച് വിറയ്ക്കുന്ന വിരലുകളോടെ പരീക്ഷയെഴുതി ഒന്നും രണ്ടും മൂന്നും ബിരുദങ്ങളുടെ സാക്ഷിയപത്രവുമായി ജോലി തെണ്ടിയപ്പോള്‍ എന്റെ മാര്‍ക്കുഷീറ്റുനോക്കി പുച്ഛിച്ചില്ലേ, പത്താം തരം തോറ്റ സ്ഥാപന ഉടമ.

അവസാനം ഞാനൊരു വക്കീലായപ്പോള്‍ എല്ലാവരും ആശംസിച്ചു, "സുപ്രീം കോടതിയിലെ വലിയൊരു ജഡ്ജിയാവട്ടെ, ഭാവിയിലെന്ന്."
ഞാനെഴുതിയ കേസ് വായിച്ചു പോലും നോക്കാതെ എറിഞ്ഞുകൊണ്ട് തള്ളിയ ജഡ്ജിയദ്ദേഹം.
നാണം കെട്ട നീതിപീഠത്തിനുമുമ്പില്‍ നീതിയിരക്കാന്‍ എനിക്കു ലജ്ജയുണ്ടെന്നു പറഞ്ഞ്, വലിച്ചെറിഞ്ഞ ഗൌണ്‍ വീണ്ടും അണിയേണ്ടി വന്നു, സീനിയറിനെ പ്രീതിപ്പെടുത്താന്‍.
അല്ലെങ്കിലും നീതിമാനായവന്‍ അല്ലാഹുവാണെന്നു മാത്രം വിശ്വസിക്കുന്ന ഒരു മുസ്ലിമായ എനിക്ക് ഒരു പരിധിയില്‍ കവിഞ്ഞൊരിക്കലും കുനിയാന്‍ കഴിഞ്ഞിരുന്നില്ലല്ലോ പാമരന്‍മാരാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ സംവരണ നീതിപീഠത്തിനുമുന്നില്‍.

എല്ലാം മതിയാക്കി, ഗ്രുഹസ്ഥയാവാനായൊരു ഇന്റര്‍ നെറ്റ് വേളി കഴിച്ചതും തകര്‍ന്നപ്പോള്‍ നൊന്തുപെറ്റ കുഞ്ഞിനെ കണ്ണെത്താ ദൂരത്താക്കി ഈ മരുഭൂമിയില്‍ ഏകയായലയേണ്ടി വരുന്ന എനിക്ക് നാടും നഷ്ടമാണമ്മേ.
രാജ്യസ്നേഹമില്ലാത്തവരാണല്ലോ രാജ്യം വിട്ടു പോകുന്നത്. ഞാന്‍ ദൂരയാത്രയ്ക്കു പോകുമ്പോള്‍ എന്നെ എയര്‍പോര്‍ട്ടില്‍ കെട്ടിപ്പിടിച്ചു കരയാറുള്ള മറ്റൊരമ്മയല്ലെ, നീയെനിക്ക്.

ഇവിടെയെത്തിയപ്പോള്‍ പോകുന്ന അഭിമുഖത്തിനൊന്നും വിജയിക്കുന്നില്ല.
ബിരുദമുണ്ടായാല്‍ പോരാ, പരിചയം വേണം.
ഇംഗ്ലീഷറിഞ്ഞാല്‍ പോരാ, അക്സന്‍റ് വേണം.

ജീവിതത്തിന്റെ മധുരഭാവങ്ങളൊന്നും മലയാളത്തില്‍ പ്ങ്കിടാനായില്ല
മലയാളത്തിലല്ലെങ്കിലും ഭാവങ്ങള്‍ക്കു മധുരമുണ്ടായതിനാല്‍ കുണ്ഠിതമില്ല.

ഇവിടെയെന്റെ ഇംഗ്ലീഷിന്‍ ഡൊമെസ്റ്റിക് ടച്ചാണ്.
എന്റെ മകനെങ്കിലും നാളത്തെ സമൂഹത്തിന് മുമ്പില്‍ ഡൊമെസ്റ്റിക് ടച്ചുള്ള ഇംഗ്ലീഷ് സംസാരിക്കാതിരിക്കാന്‍ ഞാനവനെ ഇംഗ്ലീഷ് മീഡിയത്തിലാക്കിയമ്മേ.
അങ്ങിനെയാണ്, അവന്റെ ആദ്യാക്ഷരം ആംഗലേയത്തിലായത്.
കൈരളീമാതാവേ, നീ മാപ്പു നല്‍കുകയില്ലേ?

പട്ടിണിക്കാരന്റെ മക്കള്‍ക്കീ കറുത്ത കോട്ടും പ്രൌഡിയുമെല്ലാം വെറും സ്വപ്നം മാത്രമാണെന്നും അമ്മേ, നിനക്കറിയില്ലേ.

ന ഭുജ്യതേ വ്യാകരണം
കാവ്യരസോഃ ന പീയതേ
എന്ന് കവി പാടിയത് പോലെ
ന ഭുജ്യതേ ആദര്‍ശം
രാജ്യസ്നേഹോഃ ന പീയതേ
ഇതാണ്, രാജ്യം വിടുന്ന ഓരോ പ്രവാസിയുടേയും അവസ്ഥ.

Wednesday, October 04, 2006

നിയമറാഗിംഗ്

ഓര്‍മ്മവെച്ച നാള്‍ മുതല്‍ സ്വപ്നമായിരുന്നെന്ടെ
ഈ കരിം കോട്ടും ടൈയും കോടതി വരാന്തയും.
ഇന്നു ഞാനെത്തിച്ചേര്‍ന്നൂ, നിയമകലാലയത്തിങ്കലീ
'നിയമഞ്ജര്‍ ' വാഴുമീ കൊട്ടാരത്തില്‍ .

കേള്‍ക്കണോ നിങ്ങള്‍ക്കെന്ടെ നാടിന്ടെ സംസ്കാരത്തെ
വാഴ്ത്തുമീ കോളേജിന്ടെ മഹത്താം പാരമ്പര്യം.
നാവറയ്ക്കുന്നൂ അന്നിന്‍ സത്യങ്ങള്‍ പുലമ്പുവാന്‍
വാക്കുകളില്ലായെന്ടെ ഓര്‍മ്മതന്‍ നിഘണ്ടുവില്‍ .

ആപ്പീസുമുറിയുടെ വഴികാട്ടിയായെന്നെ
എത്തിച്ചൂകക്കൂസിന്ടെ അടുത്ത പടി വരെ,
കൂടെയുണ്ടായോരെന്ടെ അച്ഛനെ ചൂണ്ടിക്കാട്ടി
കെട്ടിയോനിവനെന്നു കൊട്ടിഘോഷിച്ചൂ, ചിലര്‍ .

നിക്കെടീ നിവര്‍ന്നു നീ, ശിരസ്സു കുനിക്കെടീ,
കേട്ടു ഞാന്‍ ഞെട്ടിപ്പോയി, തല പോകുമോ ദൂരെ.
വക്കീലാവാന്‍ വന്നോളല്ലേ, കേള്‍ക്കട്ടേ പരിഞ്ജാനം
ചൊല്ലെടീ, എല്‍ .എല്‍ .ബീ ടെ ഫുള്ഫോമൊന്നുറക്കെയായ്.

'ബാച്ചിലര്‍ ലോ' യെന്നു ഞാന്‍ മൊഴിഞ്ഞൂ, മറുപടി,
തെറ്റിപ്പോയ്, നൂറാവ്രുത്തി എഴുതൂ, ഉടനടി.
എല്‍ .എല്‍ .ബിയെന്നാലിന്നു
"ലൈസന്‍ സ് ഫോര്‍ ലോ ബ്രേക്കിംഗ് പോല്‍ "

കൊല്ലുവാനടിക്കുവാന്‍ , ടീച്ചറെ പഠിപ്പിക്കാന്‍
റോഡിലൂടോടും വണ്ടി തീവെച്ചു കരിച്ചിടാന്‍ ,
കാശിനച്ഛനെ വാങ്ങാന്‍ , ഗൌരീപുഷ്പ്മുണ്ടാക്കാന്‍
പ്യൂണിനെ പ്രിന്‍സിപ്പലായ് നിയമിക്കുവാന്‍ വരെ.

കേറെടീ ബഞ്ജില്‍ മേലെ, ചാടടീ ഡസ്കില്‍ നിന്നും
ചൊല്ലെടീ ഇവനില്‍ നീ പൌരുഷം കാണുന്നുണ്ടോ?
ഓട്ടുമൊന്തപോലുള്ള മോന്തയാലൊരു പയ്യന്,
മുന്നില്‍ നില്ക്കുമാരൂപം കണ്ടു ഞാന്‍ വിറച്ചു പോയ്.

താടിമീശരോമത്താല്‍ വിഖ്യാതനല്ലോ, നമ്മിന്‍
കേരസാമ്രാജ്യത്തിന്ടെ മഹത്താം പുരുഷന്മാര്‍
'ആണെ'ന്നാകിലോയെന്നെയിവന്മാര്‍ കൊത്തിക്കൊല്ലും
അല്ലെന്നാകിലോയിവനൊറ്റയ്ക്കു വെട്ടിക്കൊല്ലും.

ഇടിവാളുപോലൊരു ബുദ്ധിയന്നുദിച്ചെന്നില്‍
ഇവനാണെന്‍ സങ്കല്പ പുരുഷന്നവതാരം."
ഏറെ നേരത്തിന്‍ മുമ്പേയെത്തിയ പോളിട്ടീച്ചര്‍
രക്ഷിച്ചൂ അന്നേരത്തെ മഹത്താം വിപത്തിനെ.

കേള്‍ക്കണോ ഇതിന്‍ പിന്നില്‍ മറയും സൈക്കോളജി,
ധീരയാക്കുവാനെന്നെ ഭീരുവിന്‍ തന്ത്രം നോക്കൂ.
തുല്യമന്ത്രമോതുന്ന ആര്‍ട്ടിക്കിള്‍ പതിനാലും
അവകാശ തത്വത്തിന്‍ ഭരണഘടനയും

ഇന്ത്യതന്‍ ശിക്ഷാവേദം പീനല്‍ കോഡൊന്നും തന്നെ
നിസ്സഹായയായ് നില്‍ ക്കുമന്നെന്നെത്തുണച്ചില്ലാ.
നീതിയ്ക്കായവകാശപ്പോരാട്ടക്കളത്തിങ്കല്‍
വക്കാലത്തു നല്‍ കേണ്ടുന്നോന്‍ വക്കീലായ് വിലസേണ്ടോന്‍
പ്രാക്രുതന്‍ മാരാം വെറും കാട്ടിലെ മ്രുഗം പോലെ
ക്രൂരമീയനീതിതന്‍ ഭാഗഭാക്കായീടുന്നൂ.

Tuesday, October 03, 2006

അബ്രാ നിന്നെയെനിക്ക്, പിടികിട്ടിയില്ലല്ലോ

ഇന്നലെ "അബ്ര ബ്രാക്കറ്റില്‍ കാദബ്ര" എന്ന ചെറുകഥ വായിക്കാന്‍ നീളുമെന്നതിനാല്‍
പ്രിന്ടെടുത്തു വീട്ടില്‍ കൊണ്ടു പോയപ്പോള്‍ സ്വപ്നേപി വിചാരിച്ചില്ല ഇങ്ങനെയൊരു
കുറിപ്പെഴുതേണ്ടി വരുമെന്ന്. അതുകൊണ്ടല്ലേ, പണ്ടാരാണ്ടും പറഞ്ഞത്,
"ആശിച്ച പോലൊക്കെ ആടാന്‍ കഴിയാത്ത ജീവിതമാണെന്നും നാടകമെന്ന്", അല്ല, തിരിഞ്ഞു പോയി.

രാത്രി നൊയമ്പും തൊറന്ന്, രണ്ട് നൂറുല്‍ ഈമാനും ചൊല്ലി കഥ വായിക്കാനിരുന്നു. വായിച്ചു വായിച്ചു വന്നപ്പോളതാ വരണൂ, ഞങ്ങടെ അമ്പാട്ട് കാവ്. അബ്രയിറങ്ങിയ ബസ്സിടിച്ച സ്ഥലം. ശ്വാസമടക്കിപ്പിടിച്ചു താഴേക്കു വന്നപ്പോ, ദേ, വരണൂ, പിന്നേം കണിയാംകുന്ന്.

ഇനിയെങ്ങടാണാവോ എന്ടെ ഒടേ തമ്പുരാനേന്നോര്‍ത്ത് വയിച്ചു, കണ്ണും കാണണില്ല.
ഒന്നും രണ്ടുമല്ല, എട്ടുപേജാണ്. എവിടെ ചെന്നവസാനിക്ക്വ ആവോ.
പയ്യെ തിന്നാല്‍ പനയും തിന്നാമെന്നല്ലേ, "അസ്സബ്റു, നസ്ബുല്‍ ഈമാനെന്നും" പറഞ്ഞു സബൂറായിരുന്നു വായിച്ചു. കണിയാങ്കുന്നീന്ന് നേരെ ഈ ഇബ്ലീസ് കടുങ്ങല്ലൂരേക്ക് തന്നെ. പോരാഞ്ഞിട്ട്, എന്ടെ ഉസ്ക്കൂളിലും വന്ന് ഞ്ഞങ്ങടെ കുഞ്ഞൂഞ്ഞമ്മ ടീച്ചറിനെ കുഞ്ഞമ്മ ടീച്ചറാക്കി.

എന്നാലും നെനക്കൊരു തെറ്റ് പറ്റീട്ടോ, ശിഷ്യനാല്‍ ഗുരുദക്ഷിണയായി ചാണകമെറിയപ്പെട്ട ആ മഹതിയായ ഗുരു കുഞ്ഞമ്മയല്ല, കുഞ്ഞൂഞ്ഞമ്മയാണ്. ഭര്‍ത്താവു യു.സി.കോളേജിലോ മറ്റോ പഠിപ്പിക്കുന്ന ഞങ്ങടെ തടിച്ച് ഇരുനിറമുള്ള കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ . ചാണകം കലക്കിയൊഴിച്ച ബാബു എന്ടെയൊപ്പവും പഠിച്ചിട്ടുണ്ട്.

എന്ടെ ശ്വാസം ഒരല്പനേരത്തേക്കെങ്കിലും പിടിച്ചുനിര്‍ത്തിയതേതടാ ഈ ശ്വാസം. "പട്ടരില്‍ പൊട്ടരില്ല, പൊട്ടനുണ്ടെങ്കില്‍ അവന്‍ ചാറ്ട്ടേര്‍ഡ് അക്കൌണ്ടന്ടായിരിക്കും "എന്നൊരു ചൊല്ലുണ്ട്. അതുപോലെ കടുങ്ങല്ലൂരുള്ള മുസ്ലിം അതും ദുബായിലാണെങ്കില്‍ എന്ടെ ബന്ധുവായിരിക്കും. പ്രിയപ്പെട്ട ശ്വാസമേ ഞാനാഗ്രഹിച്ചുപോവുകയാണ്, നീ മുസ്ലിമാവാതിരിക്കട്ടേ, നീ കടുങ്ങല്ലൂര്‍ കാരനാകാതിരിക്കട്ടേ. നീ ആമ്പക്കുടിയിലും വെള്ളൂക്കുഴിയിലും മണ്ണാന്തറയിലും പെട്ടവനാകാതിരിക്കട്ടേ. അതുവഴി നീ എന്ടെ ബന്ധുവാകാതിരിക്കട്ടേ. കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുന്ന ഏകാന്തത മാത്രമുള്ള ഈ മരുഭൂമിയില്‍ എനിക്കു സമാധാനമുണ്ട്. കെണിയുടേയും നുണയുടേയും അസൂയയുടേയും ആഭിചാരത്തിന്ടേയും തട്ടിപ്പിന്ടേയും മാത്രം നാടായ കടുങ്ങല്ലൂര്‍ കാരനാകാതിരിക്കട്ടേ സുഹ്രുത്തേ നീ."

ഞാന്‍ മണിക്കിണറിലൂടെ പൈമറ്റത്തെത്തി കോതമംഗലം വഴി കടുങ്ങല്ലൂരിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ഒരു കടുങ്ങല്ലൂര്‍ക്കാരന്‍ പാടി.
"കടുങ്ങല്ലൂര്‍ കാരാരും നരകത്തിലില്ലെന്ന്,സ്വര്‍ ഗ്ഗത്തെ കാക്കും മലക്ക് പറഞ്ഞോവര്‍ ".
നാടിന്ടെ കാവല്കാരായ പോലീസുകാരും, നാട് ഭരിക്കുന്ന മന്ത്രിമാരും പോരാഞ്ഞ് ദൈവവും കൈകൂലി വാങ്ങുകയാണോ?

അതേ, ഒരുപാടുണ്ട് കടുങ്ങല്ലൂരിന് പറയാന്‍ , ടീച്ചറെ ചാണകമെറിഞ്ഞ ബാബുവിന്ന് പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി. ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയുണ്ട്.
കാലു പോയത് ഞാനറിഞ്ഞില്ല. ആറു വര്‍ഷം മുമ്പ് കണ്ടപ്പോള്‍ അയാളെന്നോട് പറഞ്ഞു, "എന്ത് കിട്ടിയെടോ, താനൊക്കെ ജീവിതകാലം മുഴുവനും പഠിച്ചിട്ട്."

ശരിയായിരുന്നോ? മാതാപിതാഗുരുദൈവമെന്ന് പാടിയപ്പോഴും വിശ്വസിച്ചത്, ഗുരുത്വം ഗുരുവില്‍ മാത്രം നിക്ഷിപ്തമാണെന്നായിരുന്നു. അല്‍ഫോന്‍സ ടീച്ചറിന്ടേയും ഉഷാകുമാരി ടീച്ചറിന്ടേയും തങ്കമണീ ടീച്ചറിന്ടേയും( ടീച്ചറിന്നില്ല, അല്ലാഹു എന്ടെ ടീച്ചറിന്ടെ ആത്മാവിന്, ശാന്തി നല്കട്ടേ) പ്രിയശിഷ്യയായി അല്‍ അമീനിലെത്തിയപ്പോള്‍ എന്നെ ഞാനല്ലാതാക്കിയതും മറ്റൊരു ഗുരുവായ ഉഷയായിരുന്നു.

പിന്നെ ടീച്ചറെ നായ്കരണ പൊടിയെറിഞ്ഞ സുനിയുണ്ട്. പാവം, അവനും മരിച്ചു പോയി. എല്ലാവര്‍ക്കും പാഠവും ദാരുണവുമായ അന്ത്യം.

അസ്സയ്നാരിക്കയുടെ കടയില്‍ നിന്ന്, ചായ പറയുകയും ശ്രീധരന്‍ നായരുടെ കടയില്‍ നിന്ന്(അത്, ഞങ്ങള്‍ ക്ക്, മധുവിന്ടെ കടയാണ്.) സിഗരറ്റ് പറയുകയും ചെയ്യുന്ന അബ്രാ, നിന്നെ മാത്രം എനിക്ക്,പിടികിട്ടുന്നില്ലല്ലോ. ഓ, മറന്നു പോയി അബ്രയുടെ തോണ്ടേല്‍ക്കേണ്ട പ്രായത്തില്‍ ഞാന്‍ മണിക്കിണറിലായിരുന്നിരിക്കും

പൊക്കിള്‍ കൊടിയുടെ ബന്ധം

ഉമ്മിച്ചി പ്രാകാത്ത ഒരൊറ്റ ദിവസം പോലും എന്ടെ ചെറുപ്പത്തിലില്ലായിരുന്നു. എന്ത് ചെയ്തോട്ടേ എന്ന് ചോദിച്ചാലും ഒരേ ഉത്തരം. വേണ്ട," നീ പെണ്ണാണ്, അല്ലെങ്കില്‍ നമ്മള്‍ മുസ്ലിമീങ്ങളാണ്."
അന്നു ഞാന്‍ തീരുമാനിച്ചു, ചോദിച്ചാലല്ലേ പ്രശ്നമുള്ളൂ. ആദ്യം ചെയ്യുക, പിന്നെ വേണമെങ്കില്‍ പറയുക. അന്നുമുതല്‍ "ഞാന്‍ തന്ടേടിയായി. തന്നിഷ്ടക്കാരിയായി. ഇവളുടെ തലയിരിക്കുന്നിടത്ത് കഴുത്ത് വന്നാല്‍ ഭൂലോകം പുല്ലുകഞ്ഞിയാക്കുമെന്ന് അയല്‍ പക്കത്തെ താത്ത പ്രവചിക്കുകയും ചെയ്തു."
വലുതായപ്പോള്‍ പഠിക്കാന്‍ പോയിത്തുടങ്ങി. കോളേജും ലൈബ്രറിയുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ചിലപ്പോള്‍ പത്ത് മണിയാകും. ആദ്യം ഇടവഴിയില്‍ കാത്ത് നിന്ന്, സമയം കൂടുന്തോറും അത് ബസ് സ്റ്റോപ്പിനടുത്തേക്കെത്തും. ബസ്സിറങ്ങി വീട്ടിലെത്തും വരെ നല്ല സൌഹ്രുദത്തിലായിരിക്കും ഉമ്മിച്ചി. വീട്ടിലെത്തി ചെരിപ്പെല്ലാം ഊരി ഒന്നിരിക്കാനായി ഭാവിക്കുമ്പോളതാ കയ്യിലൊരു പുളിങ്കൊമ്പുമായി തള്ളച്ചി.

"നിന്നെ ഏതവളാടീ, ഈ പാതിരാത്രി പഠിപ്പിക്കുന്നത്. " പഠിപ്പിക്കുന്നത്, അവളല്ല, ജേര്‍ണലിസം സാറ് അവനാണ്, ക്ലാസ് കഴിയുന്നത് എട്ട് മണിക്കാണ്, ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ ഇത്ര നേരമാകും എന്നെല്ലാം എന്നും പറയുന്നതാണ്. പറയും മുമ്പേ വീണിരിക്കും അടി പുറം വഴി.വെല്ലുമ്മിച്ചി വീട്ടിലുണ്ടിങ്കില്‍ സാരമില്ലായിരുന്നു. വെല്ലുമ്മിച്ചിയുടെ മറവില്‍ പറ്റിക്കിടന്നാല്‍ അടിക്കാന്‍ ഉമ്മിച്ചിക്ക് ധൈര്യമില്ല.

"തൊട്ടുപോകരുതെന്ടെ കൊച്ചുങ്ങളെ". വെല്ലുമ്മിച്ചി പറയും.
നിങ്ങടെ കൊച്ചുങ്ങളോ, അതേതു വകുപ്പിലാ."
എന്ടെ മോന്ടെ കൊച്ചുങ്ങളാ,
"നിങ്ങടെ മോന്ടെ കൊച്ചുങ്ങള്, നിങ്ങടെ കൊച്ചുങ്ങള്, അതുപോലെ ഞാന്‍ പ്രസവിച്ച കൊച്ചുങ്ങള്, എന്ടെയാകാത്തതെന്തേ?

അമ്മായിയമ്മയ്ക്കും മരുമകള്‍ ക്കുമിടയിലെ ലോകത്തിന് പോലും ഉത്തരം കിട്ടാത്ത ഈ അവകാശവാദത്തിനുമുമ്പില്‍ എന്ടെ വൈകിവരവും തല്ലലുമെല്ലാം ഉമ്മിച്ചി മറന്നു പോകും.

അനിയത്തിയപ്പുറത്തിരുന്നു കരഞ്ഞുകൊണ്ട് പറയും, നിന്ടെയൊടുക്കത്തെ പഠിത്തം കാരണം ഒരു ദിവസം പോലും സ്വൈര്യമില്ല, ഈ കുടുംബത്തില്‍ .
വെല്ലുമ്മിച്ചിയില്ലെങ്കില്‍ എന്ടെ വിധിയാണ്.
അടിയും പ്രാക്കുമെല്ലാം കഴിഞ്ഞ് കയ്യിലെയും തുടയിലെയും പാടെണ്ണിനോക്കുന്ന എന്നെ കാണുമ്പോള്‍ ഉമ്മിച്ചിക്ക് പാവം തോന്നി പറയും.

" പെറ്റ തള്ളയ്ക്കാടീ അതിന്ടെ ദെണ്ണമറിയൂ".
എല്ലാ ദേഷ്യവും സങ്കടവും സടയുണര്‍ത്തി ഞാന്‍ പറയും. "ഒടുക്കത്തെ ഒരു പെറ്റ തള്ള. നിങ്ങളോട് ഞാന്‍ പറഞ്ഞോ എന്നെ പ്രസവിക്കാന്‍ . എന്ടെ അനുവാദമില്ലാതെ എന്നെയെന്തിന് പ്രസവിച്ചു. പൊക്കിള്‍ ക്കൊടിയുടെ ബന്ധം പറഞ്ഞ് എന്ടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന ഈ നരകത്തില്‍ നിന്ന് ഞാനെങ്ങോട്ടെങ്കിലും പോവുകയാണ്".

അപ്പോള്‍ ഉമ്മിച്ചി ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി ഒരു തേട്ടമുണ്ട്.
" പടച്ചവനേ, കല്യാണം കഴിച്ചില്ലെങ്കിലും ഇവള്‍ക്ക് നീയൊരു കുഞ്ഞിനെ കൊടുക്കണേ. ഈ വിഷമം ഇവളൊന്നറിയണേ."ഞാന്‍ മനസ്സില്‍ പറയും. പടച്ചോന്‍ അങ്ങിനെ ചെയ്താല്‍ ലോകത്തിനിയും ഈസാ നബിയുണ്ടാകുമല്ലോ?
വിവാഹമോചനത്താല്‍ വേര്‍ പിരിയുമെന്ന് പേടിച്ച് വിവാഹമേ വേണ്ടെന്നു വെച്ചിരുന്ന കാലമായിരുന്നു, അത്.

കുഞ്ഞിന് സുഖമില്ലാതെ ഒരാഴ്ച ആശുപത്രിയിലായിരുന്നു. എങ്ങിനെയിരിക്കുന്നുവേ ആവോ അവനിപ്പോള്‍ . ക്ഷീണിച്ചിട്ടുണ്ടാകുമോ. അടുത്തുണ്ടായിരുന്ന ഒരാഴ്ച മുഴുവനും അനങ്ങാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചായിരുന്നു, കിടന്നത്. പുതപ്പു ചുരുട്ടി കൈക്കുള്ളിലാക്കി ദിവസവും ആച്ചുവിനോട് കുഞ്ഞുവര്‍ത്താനം പറഞ്ഞാണ്, ഞാനുറങ്ങാറ്.
ഇന്നെന്തോ ഉറക്കം വരുന്നില്ല. വീട്ടിലേക്ക് വിളിച്ചു. മോനുറങ്ങുകയാണ്, എന്നാലും. അനിയത്തി ഫോണെടുത്ത് ഉമ്മിച്ചിയ്ക്ക് കൊടുത്തു. ഉമ്മിച്ചീ, എനിക്കെന്ടെ മോനെയോര്‍ത്ത് ഉറക്കം വരുന്നില്ല. ...അവസാനം.
നിന്ടെ മോനിവിടെ സുഖമാണ്, ഞങ്ങളവനെ പൊന്നു പോലെ നോക്കുന്നുണ്ട്. എന്നിട്ട്,
"ഇതാ മോളേ പണ്ട് ഉമ്മിച്ചി പറഞ്ഞ പെറ്റ വയറിന്ടെ ദെണ്ണം.നീ പണ്ട് വലിച്ചെറിഞ്ഞിട്ട്, ഗംഗയിലും ഹിമാലയത്തിലുമൊക്കെ പോയില്ലേ, അതേ പൊക്കിള്‍ കൊടിയുടെ ബന്ധം".

തല തിരിഞ്ഞ ബ്ലോഗും ശ്രീജിത്ത് വൈദ്യനും

നിയമം പഠിച്ച നേരത്ത് കമ്പ്യൂട്ടറ് പഠിച്ചാ മതീന്ന് ആദ്യമായി തോന്നിയത് ഇപ്പഴാ ശ്രീജിത്തേ. ലക്ഷദ്വീപീന്നൊരിത്ത എറണാകുളത്ത് വന്നപ്പൊ പത്ത് രൂപയ്ക്കോടിയ ഓട്ടോകാരന് നൂറ് രൂപകൊടുത്തിട്ട് പറഞ്ഞത്രേ,
"എന്നാലും ന്റെ മോനേ, നീയെന്നെ ഇത്രേം വല്യ ബസ്സിന്ടേം ലോറീടേം എടയിലൂടെ ഒന്നും പറ്റാതെ കൊണ്ട്ന്നേന്, ന്നെ സമ്മതിക്കണം."

അതുപോലെ, മോനേ, ശ്രീജിത്തേ നീയെന്ടെ തലതിരിഞ്ഞു പോയ ബ്ലോഗിനെ ഒന്നു മന്തിരിക്കേം കൂടി ചെയ്യാതെ ശരിയാക്കീലേ. നിനക്കൊരു തൊള്ളായിരം രൂപ തന്നാലും മതിയാവൂല്ല. കല്ലിട്ട പള്ളിക്കെല്ലാം ഞാന്‍ നേര്‍ച്ച നേര്‍ന്നു നോക്കി. എന്ടെ ബ്ലോഗപ്പൊഴും എന്നെ തല്ലണ്ടാ ഞാന്‍ നേരെയാവൂല്ലാന്നും പറഞ്ഞങ്ങിനെ തന്നെ. അപ്പഴാ നമ്മുടെ മിന്നാമിനുങ്ങ് ഇത്തിരി വെളിച്ചം തന്നത്.
"ശ്രീജിത്തിന്, ഒരു മെയില്‍ അയച്ചാ മതീന്ന്,"

മെയില്‍ അയച്ചു. ശ്രീജിത്ത്, ഉത്തരം എഴുതി, എന്ടെ പ്രൊഫൈലില്‍ വിശ്വത്തോളം വലുതായ ഒരു വാക്കുണ്ടത്രേ. 'വിശ്വതലത്തിങ്കലെങ്ങാനുമൊരുമുല്ലപ്പൂവിരിഞ്ഞെന്നാലവ' .
അതു ചെറുതാക്കിയപ്പൊ, ദേ, വന്നേക്കണൂ, തിരിഞ്ഞുപോയ എന്ടെ ബ്ലോഗ് 'ഞാനിതാ നേരെയായേന്നും പറഞ്ഞ്'.

എന്നാലും ശ്രീജിത്തേ, നീ ഒരു കൊച്ചു മിടുക്കന്‍ തന്നെ. ആരു പറഞ്ഞൂ, നീ മണ്ടനാണെന്ന്, അമേരിക്കക്കാരന്ടെ കൂടോത്രം ഇത്രേം നന്നായി നിനക്കറിയാല്ലോ. നന്ദി, കാക്കത്തൊള്ളായിരം നന്ദി, ശ്രീജിത്ത് വൈദ്യനും മിന്നാമിനുങ്ങിന്ടെ കൊച്ചുവെളിച്ചത്തിനും.

Monday, October 02, 2006

ഗാന്ധിജയന്തിദിനത്തില്‍ രാമനെന്തു ചെയ്യുന്നു.

ഇന്ന്, ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി.
" എന്ടെ നാട്ടിലെ പാവപ്പെട്ടാവര്‍ക്കോരോരുത്തര്‍ക്കും വസ്ത്രമുണ്ടാകും വരെ ഞാനെന്‍ടെ നഗ്നത

പൂര്‍ണ്ണമായും മറയ്ക്കില്ലെന്ന് പ്രതിഞ്ജ ചെയ്ത്, 'അര്‍ദ്ധനഗ്നനായ ഫക്കീറായ' മഹാത്മാവേ, അങ്ങയുടെ ആത്മവീര്യത്തിനുമുമ്പില്‍ ഈ നിസ്സഹായയുടെ കണ്ണീരിന്ടെ പൂചെണ്ടുകള്‍ .

മഹാത്മാവേ ഇന്നങ്ങേയ്ക്കു സന്തോഷിക്കാം. അങ്ങയുടെ രാമരാജ്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. അഗ്നിസാക്ഷിയായി താന്‍ കൂട്ടുകാരിയാക്കിയ രാമന്ടെ അയനമാണ്, സീത. ആ സീത, അഗ്നിക്കിരയാകേണ്ടി വന്നപ്പോഴും, രാമന്, വലുത്, രാജ്യക്ഷേമമായിരുന്നു.
കളവും കരിഞ്ചന്തയും അക്രമവും അനീതിയുമില്ലാത്ത അങ്ങയുടെ സ്വപ്നത്തിലെ രാമരാജ്യമില്ലേ, അങ്ങ് ഹ്രുദയരക്തമൂറ്റിക്കൊടുത്ത് താലോലിച്ച രാമരാജ്യ സ്വപ്നം, അതിന്ന്, സത്യമാണ്.
അവിടെ അക്രമമുണ്ട്, വെടിവെയ്പ്പും തീവെയ്പ്പുമുണ്ട്, ചോരക്കളമൊഴുകുന്ന കുരുക്ഷേത്രങ്ങളുണ്ട്, അവയെല്ലാം അതേ രാമനുവേണ്ടിയാണ്. അതേ രാമരാജ്യത്തിനുവേണ്ടിയാണ്, അതിലുപരി രാമക്ഷേത്രത്തിനുവേണ്ടിയാണ്. അങ്ങയുടെ കണ്ണിലൂറുന്നത്, ആനന്ദാശ്രുവോ, അതോ വീണ്ടും ഹ്രുദയരക്തമോ?

തന്ടെ രാജ്യത്ത്, രാജ്യാവകാശിയുടെ പേരില്‍ പോലും കലാപ്മുണ്ടാവാതിരിക്കാന്‍ പതിനാല്, വര്‍ഷം വനവാസവും അഞ്ജാതവാസവുമായി കാട്ടില്‍ കഴിഞ്ഞ രാമന്ടെ ബിംബത്തിന്, വേണ്ടിയാണ്, സ്വന്തം കണ്‍ മുന്നിലുള്ള അയല്‍ക്കാരന്ടെ ചോരകുഞ്ഞിനെ പോലും കഴുത്തറുക്കുന്നതും ചുട്ടുകൊല്ലുന്നതും.

മഹാത്മാവേ, ഇനിയൊരു ഗാന്ധിജയന്തി കാണാന്‍ ഈ രാമരാജ്യമുണ്ടാവരുതേയെന്ന്, കരളുരുകി ആഗ്രഹിച്ചു പോവുന്നുണ്ടാവും, അവതാരമാവാനിനിയും ശേഷിയില്ലാത്ത നമ്മുടെ പാവം രാമാത്മാവ്.

Sunday, October 01, 2006

മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോള്‍

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വാപ്പിച്ചി കടുങ്ങല്ലൂരാണ്.വെല്ലുമ്മിച്ചിയും.
ഉമ്മിച്ചി അക്കുവിനേയും കൊണ്ട് ആശുപത്രിയില്‍ പോയി. കൂടെ അബിയും.
ഇതു തന്നെ ഞാന്‍ കാത്തിരുന്ന ആ മഹാദിവസം. പക്ഷേ ഈ മത്തക്കണ്ണിയെ എന്തു ചെയ്യും? ഞാനനങ്ങുന്നതും നോക്കി കണ്ണു ചിമ്മാതെ കാത്തിരിക്കുകയാണ്, ഇവളെന്ടെ അനിയത്തി.
ഒരൈഡിയ.

"സീനാ, നീ ആ മുസഹബിങ്ങെടുത്തേ".
നീ തലയില്‍ തുണിയിട്, എന്നിട്ട് തരാം.
"എടീ, തലേം അള്ളാടെ, തുണീം അള്ളാടെ, നീ മുസഹബെടുക്ക്,"
മടിച്ച് മടിച്ച് അവളെടുത്തു നീട്ടി.
"നീ പിടിച്ചോ, എന്നിട്ട്, അതുതൊട്ട് സത്യം ചെയ്യ്, എന്നാല്‍ ഞാന്‍ നിന്നെ ഒരു സ്ഥലത്ത് കൊണ്ടു പോകാം".
അള്ളോ, മുസഹബ് പിടിച്ച് ഞാന്‍ സത്യം ചെയ്യൂല്ലാ, എന്‍ടെ കണ്ണ്, പൊട്ടിപ്പോകും.
"കണ്ണ്, പൊട്ടുമെന്നത് നേര്, തന്നെ",
ഞാന്‍ പേടിപ്പിച്ചു.പക്ഷേ സത്യം ചെയ്തപോലെ പ്രവര്‍ത്തിച്ചാല്‍ കണ്ണ്, അവിടെത്തന്നെയുണ്ടാകും. അവള്‍ തട്ടം ഒന്നുകൂടി വലിച്ചിട്ട് കണ്ണടച്ച് സത്യം ചെയ്യാനായി തയ്യാറെടുത്തു. അല്ലെങ്കില്‍ ഞാനവളെ കൂട്ടാതെ പോയാലോ.

ഞാന്‍ ചൊല്ലിക്കൊടുത്ത പോലെ അവള്‍ സത്യം ചെയ്തു. "അള്ളാണെ, പടച്ചോനാണേ, മുപ്പത് യൂസുള്ള മുസഹഫ് തന്നാണെ, സക്കീനായും ഞാനും മണിക്കിണടില്‍ മത്തായീനെ കാണാന്‍ പോയത് ആകാശമിടിഞ്ഞു വീണാലും വാപ്പിച്ചിനോടും ഉമ്മിച്ചിനോടും പറയൂല്ല. പറഞ്ഞാല്‍ എന്‍ടെ കണണ്‍, പൊട്ടി പൊക്കോട്ടേ. സമാധാനമായി. ഇനിയവളെ കൊണ്ടു പോകാം. മുസഹഫ് പുള്ളിക്കാരിക്കത്ര പേടിയാണ്.

"എന്നാല്‍ നീ സോപ്പും തോര്‍ ത്തുമെടുക്ക്, നമുക്ക് കുളിക്കാന്‍ പോകാം".
അപ്പോള്‍ മത്തായിയെ കാണുന്നതോ?
"എടീ, മത്തക്കണ്ണീ, മത്തായി മണിക്കിണറിലല്ലേ".
അവിടെയാണോ കുളിക്കാന്‍ പോകുന്നത്, അതും വെള്ളിയാഴ്ച, നട്ടുച്ചയ്ക്ക്. എനിക്ക് പേടിയാകും.

പക്ഷേ മത്തായിയെ കാണണമെങ്കില്‍ വെള്ളിയാഴ്ച തന്നെ പോകണം. പള്ളിയ്ക്കു താഴെയുള്ള പുഴയുടെ നടുവില്‍ അഗാധമായൊരു ഭാഗമുണ്ട്. കിണറുപോലെ താഴ്ചയേറിയ ഭാഗം. അതുകൊണ്ടാണത്രേ ആ പുഴക്കടവിന് മണിക്കിണറെന്ന് പേര് വന്നത്. അവിടെയേതോ ആത്മാവുണ്ടത്രേ. അത് മത്തയിയുടേതാണ് പോലും. അതിനടുത്ത്, ഒരു പാറയും. ഓര്‍മ്മയായപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ്, മത്തായിപ്പാറയും അതിനുള്ളിലെ മത്തായിയേയും.ക്രിസ്തുമതവിശ്വാസികള്‍ മതപരിവര്‍ത്തനത്തിനും മാമോദീസ മുക്കാനും ഹാലേലുയ്യ പാടിയെത്താറുണ്ട്, ഈ മണല്‍ തീരത്ത്.

വെള്ളിയാഴ്ച നട്ടുച്ചയ്ക്കാണ്, മുസ്ലിമുകള്‍ ജുമാ നിസ്കരിക്കുന്നത്. അള്ളാഹു ഇബിലീസിനെ തളയ്ക്കുന്ന സമയമാണത്.ഓരോ ആഴ്ചയും പൂര്‍വ്വാധികം ശ്ക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പിശാചിനെ,'ലഅനത്തുള്ളാഹി' എന്ന കല്ലുകൊണ്ട് ഓരോരുത്തരും എറിയുമ്പോള്‍ അവന്‍ ശാന്തനാകുന്നു. അതിനാണത്രേ ലോകത്തുള്ള സര്‍വ്വമുസ്ലിമുകളും ഒരേ സമയം പ്രാര്‍ത്ഥിക്കുന്നത്. ലോകത്ത് ദുഷ്ടശക്തി ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ .

ഈ സമയത്താണ്, മത്തായി പുഴയിലൂടെ വിലസുന്നതത്രേ. അതുകൊണ്ട്, വെള്ളിയാഴ്ച നട്ടുച്ചയ്ക്കാരും മണിക്കിണറിന്ടെയോ, മത്തയിപ്പാറയുടെയോ പരിസരത്ത് പോലും പോകാറില്ല. പ്രത്യേകിച്ചും കുട്ടികള്‍ .

മരിച്ചാലും വേണ്ടില്ല, ഈ മത്തായിയെ ഒന്നു കണ്ടിട്ടായാല്‍ . ഇതുതന്നെ പറ്റിയ സമയം. അങ്ങിനെ ഞങ്ങള്‍ മണിക്കിണറിലെത്തി. സീനയോട്, കരയിലിരിക്കാന്‍ പറഞ്ഞു. എന്നെ മത്തായി കൊണ്ടുപോയാലും വെല്ലുമ്മച്ചിയ്ക്ക്, കോളാമ്പി കഴുകാന്‍ സീനയുണ്ടാവുമല്ലോ.

ഞാന്‍ പുഴയിലിറങ്ങി, ഒരറ്റത്തേയ്ക്ക് നടന്നു.അവിടെനിന്നും മുങ്ങലാരംഭിച്ചു. കണ്ണും തുറന്നാണ് തിരച്ചില്‍ . ഇടയ്ക്ക് കിട്ടുന്ന വെള്ളാരം കല്ലുകള്‍ തിരിച്ചും മറിച്ചും നോക്കി. കക്ക പോലെ ഏതെങ്കിലും കല്ലിനുള്ളിലാണോ ഇനിയീ മത്തായി ഇരിക്കുന്നത്. നീന്തിയും ഇടയ്ക്ക് കണ്ണ് തുറന്നും തിരഞ്ഞും ഞാനൊരുപാട് ദൂരം പോയി. ഇടയ്ക്ക് നോക്കുമ്പോള്‍ സീന കരയില്‍ നിന്ന് തുള്ളിച്ചാടുന്നുണ്ട്. വെള്ളത്തിലെ എന്ടെ താളത്തിനൊപ്പിച്ച്.

ഞാന്‍ നീന്തുകയല്ല. മുങ്ങുകയാണ്. എന്ടെ കാല്‍ നിലത്ത് മുട്ടുന്നില്ല. ഉറക്കെ കരയണമെന്നുണ്ട്. ശബ്ദം പുറത്തേയ്ക്കെത്തുന്നില്ല. സീനയെ വിളിക്കണമെന്നുണ്ട്. അവളെന്നെ കാണുന്നില്ല. റബ്ബേ, എന്നെയും പോസ്റ്റ്മോര്‍ ട്ടം ചെയ്യുമല്ലോ. ഞാന്‍ ഈമാനില്ലാതെ മരിക്കുകയാണല്ലോ.

അവളുറക്കെ കരഞ്ഞു കാണണം. ജുമാ നിസ്കരിക്കാന്‍ വൈകിപ്പോയ ഒരാള്‍ ധ്രുതിയില്‍ വുളു എടുക്കാനെത്തിയതായിരുന്നു, പുഴക്കടവിലേക്ക് കിടക്കുന്ന പള്ളിനടയില്‍ .കരച്ചില്‍ കേട്ടയാള്‍ നോക്കിയപ്പോള്‍ ഒരു പെണ്‍ കൊച്ച് നട്ടാറം വെയിലത്ത് മണിക്കിണറിന്ടെ തീരത്ത്. അവളുടെ വിരലുചൂണ്ടുന്ന ഭാഗത്തതാ വലിയൊരനക്കവും. മുണ്ടഴിച്ച് കരയിലേക്കിട്ട് ഒരുവിധത്തിലയാളെന്നെ കരയിലെത്തിച്ചു.

" ഇത്ര തോന്ന്യാസമുള്ള പെമ്പിള്ളേരോ,കന്നാലിപോലും വരാത്ത നേരത്ത് മണിക്കിണറിലിറങ്ങാന്‍ "
അയാളോട് പറയണമെന്നുണ്ടായിരുന്നു, കന്നാലിയ്ക്ക് പോലുമറിയാം, പുഴയിലുണ്ടാവുന്നത് കുഴിയും ഒഴുക്കുമാണ്, മത്തായിയും മണ്ണാങ്കട്ടയുമല്ലെന്ന്, ഇവന്ടെയൊക്കെ ഒരു ദൈവോം, പിശാചും.